കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; നഗരം വെള്ളക്കെട്ടിലും പകർച്ചവ്യാധി ഭീഷണിയിലും

Photo Credit: Social Media
കൊച്ചി: എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി നഗരം കനത്ത വെള്ളക്കെട്ടിലും പകർച്ചവ്യാധി ഭീഷണിയിലും. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയുടെ ശക്തിക്ക് നേരിയ കുറവുണ്ടെങ്കിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും പുഴയോരത്തുള്ളവർക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് കാരണം കോർപ്പറേഷന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്. ഓടകളിൽ നിന്നും കനാലുകളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങളും മണ്ണും റോഡരികിൽ തന്നെ കൂട്ടിയിടുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
മഴ കനക്കുമ്പോൾ ഈ മാലിന്യങ്ങൾ തിരികെ ഓടകളിലേക്ക് തന്നെ ഒഴുകിയെത്തുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് റോഡുകളിൽ കൂടുതൽ സമയം വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്നു.
മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊച്ചി കോർപ്പറേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
നിലവിലെ യു.ഡി.എഫ് ഭരണസമിതി ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും, പ്രശ്നങ്ങളിൽ നിന്ന് മേയർ ഒളിച്ചോടുകയാണെന്നും സമരക്കാർ ആരോപിച്ചു. സർക്കാർ സംവിധാനങ്ങളുടെയും കോർപ്പറേഷന്റെയും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് കൊച്ചി നിവാസികൾ ഇപ്പോൾ മുന്നോട്ടുവെക്കുന്നത്.










0 comments