ad
Deshabhimani

ഇത്‌ കൊച്ചി സ്‌ക്വാഡ്‌ ; ബംഗാളിലെത്തി കഞ്ചാവുകേസ്‌ പ്രതിയെ പിടികൂടി

kochi city police
വെബ് ഡെസ്ക്

Published on Sep 21, 2025, 02:36 AM | 1 min read


കൊച്ചി

ഒരുവർഷം നീണ്ട പരിശ്രമം. പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെട്ട കഞ്ചാവുകേസ്‌ പ്രതിയെ കണ്ടെത്താൻ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കൊച്ചി സിറ്റി പൊലീസ്‌ സ്‌ക്വാഡ്‌. പശ്‌ചിമബംഗാൾ ഹർഷപുർ സ്വദേശി തൻവീർ ആലത്തെയാണ്‌ (32) രക്ഷപ്പെട്ട്‌ ഒരുവർഷം തികയുന്ന അതേദിനം നോർത്ത്‌ പൊലീസ്‌ സ്‌ക്വാഡ്‌ അഴിക്കുള്ളിലാക്കിയത്‌. ബംഗാളിൽ ബംഗ്ലാദേശ്‌ അതിർത്തിയിൽനിന്ന്‌ അഞ്ചുകിലോമീറ്റർ അകലെ ബന്ധുവീട്ടിലാണ്‌ തൻവീർ ഒളിച്ചുതാമസിച്ചിരുന്നത്‌.


2024 സെപ്‌തംബർ 19ന്‌ 2.5 കിലോഗ്രാം കഞ്ചാവുമായി ഇയാളെ കലൂരിലെ ലോഡ്‌ജിൽനിന്നാണ്‌ ഡാൻസാഫ്‌ പിടികൂടിയത്‌. എന്നാൽ, ഡാൻസാഫ്‌ സംഘത്തെ ആക്രമിച്ച്‌ ഇയാൾ രക്ഷപ്പെട്ടു.


മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഇയാളെ കണ്ടെത്താൻ ഏറെ കഷ്ടപ്പെട്ടു. തന്റെ സുഹൃത്തിന്റെ പേരിൽ എടുത്ത സിംകാർഡ്‌ പുതിയ മൊബൈൽ ഫോണിൽ ഇയാൾ ഉപയോഗിക്കുകയായിരുന്നു. പശ്‌ചിമബംഗാളിലെ ഗച്ചിനഗർ ഗ്രാമത്തിലുള്ള ഗോൾപോക്കർ പൊലീസ്‌ സ്‌റ്റേഷന്റെ സഹായത്തോടെയാണ്‌ തൻവീറിനെ കണ്ടെത്തിയത്‌. തൻവീറിനെക്കുറിച്ച്‌ അന്വേഷിക്കാൻ സ്‌റ്റേഷനിലെ സിഐ നിം ഷെറിങ്‌ ബൂട്ടിയ പ്രദേശവാസിയുടെ സഹായം ഏർപ്പാടാക്കി. ഇയാളുടെ അന്വേഷണത്തിൽ സ്‌റ്റേഷനിൽനിന്ന്‌ 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ പ്രതിയുണ്ടെന്ന്‌ ഉറപ്പിച്ചു.


ഇയാൾ ജ്യൂസ്‌കടയിൽ ജോലി ചെയ്യുകയാണെന്നും കണ്ടെത്തി. ഗോൾപോക്കർ പൊലീസ്‌ സ്‌റ്റേഷനിലെ നാലുപേരും നോർത്ത്‌ പൊലീസ്‌ സ്‌ക്വാഡിലെ നാലുപേരും ചേർന്ന്‌ രണ്ട്‌ ജീപ്പുകളിലായി രാത്രി 12ന്‌ ഗ്രാമത്തിലെത്തി. അടുത്തടുത്ത്‌ വീടുകളുള്ള ഗ്രാമത്തിൽ എല്ലാവരും ഉറക്കമായ സമയം അതിവേഗം പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റി ഗ്രാമത്തിനുപുറത്ത്‌ കടക്കുകയായിരുന്നു. നോർത്ത്‌ സ്‌റ്റേഷൻ എസ്‌ഐ ബിജു, എസ്‌സിപിഒമാരായ രാജ്മോൻ, സിപിഒമാരായ എ അജിലേഷ്, റിനു മുരളി എന്നിവരടങ്ങുന്നതായിരുന്നു സ്‌ക്വാഡ്‌. ഇത്തരം ഓപ്പറേഷനുകളിൽ മുമ്പ്‌ പങ്കാളിയായ കളമശേരി സ്‌റ്റേഷൻ സിപിഒ മാഹിൻ അബൂബക്കറിന്റെ സഹായവും ലഭിച്ചു. കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home