ad
Deshabhimani

"മേയർ കെയറി'ന്റെ പേരിൽ പണപ്പിരിവ്‌

വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 11:18 PM | 1 min read

തിരുവനന്തപുരം

കോർപറേഷൻ ഭരണം ദുരുപയോഗം ചെയ്‌ത്‌ മേയറും സംഘവും നടത്തുന്ന പണപ്പിരിവിൽ വിജിലൻസ്‌ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷം. വൻകിട കന്പനികളുടെ സിഎസ്‌ആർ ഫണ്ട്‌ വാങ്ങിയും പിരിവ്‌ നടത്തിയും മേയറും സംഘവും നടത്തുന്ന ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കാൻ തദ്ദേശഭരണമന്ത്രി ഉത്തരവിടണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു. ഓണത്തിന്‌ ഉദ്യോഗസ്ഥർക്കും ക‍ൗൺസിലർമാർക്കും സമ്മാനങ്ങൾ നൽകിയത്‌ വൻകിട വ്യവസായികളിൽനിന്ന്‌ പിരിച്ച പണംകൊണ്ടാണ്‌. കേരളത്തിലാകെ ശാഖകളുള്ള ചില മാളുകൾ, തമിഴ്‌നാട്ടിൽനിന്നെത്തി വ്യവസായം നടത്തുന്ന വൻകിട വസ്‌ത്രവ്യാപാര സ്ഥാപനങ്ങൾ, വൻകിട ജ്വല്ലറികൾ എന്നിവരിൽനിന്നാണ്‌ പിരിവെടുത്തത്‌. കോർപറേഷൻ ജീവനക്കാർ, കണ്ടിൻജന്റ്‌ ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ക‍ൗൺസിലർമാർ, മുൻ ക‍‍ൗൺസിലർമാർ തുടങ്ങി അയ്യായിരത്തോളംപേർക്കാണ്‌ ഓണക്കോടിയും ഭക്ഷ്യകിറ്റും നൽകിയത്‌. ഒരുകോടിയിൽപ്പരം രൂപ പിരിച്ചുവെന്നാണ്‌ സംശയം. ഇത്രയും തുക പുറത്തുനിന്ന്‌ പിരിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള രേഖ കാണിക്കണം. രേഖയില്ലാത്ത പിരിവ്‌ അഴിമതിയിൽപ്പെടും. ‘മേയർ കെയർ’ എന്ന പദ്ധതിക്കുവേണ്ടിയാണ്‌ പിരിവ്‌ നടത്തുന്നത്‌. ബജറ്റിന്‌ പുറത്തുനിന്ന്‌ പണംകണ്ടെത്തുന്ന പദ്ധതിക്ക്‌ നിയമപരമായ രജിസ്‌ട്രേഷനുണ്ടോ തദ്ദേശവകുപ്പിന്റെ ഉൾപ്പെടെ അനുമതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്‌. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ പണക്കിഴി വിവാദ(ഓണക്കിഴി വിവാദം)ത്തിനുസമാനമാണ്‌ തിരുവനന്തപുരത്ത്‌ മേയർ നൽകിയ ഓണസമ്മാനം. ‘മേയർ കെയർ’ പദ്ധതിയിൽ കോടിക്കണക്കിന്‌ പണമെത്തുന്നത്‌ എങ്ങനെയെന്ന്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home