വിപിവിവി തട്ടിപ്പ്: കേരള കോ–ഓർഡിനേറ്റർ പിടിയിൽ

വർക്കല
കരാറുകളും വൻലാഭവും വാഗ്ദാനംചെയ്ത് വർക്കല സ്വദേശിയിൽനിന്ന് 70 ലക്ഷം രൂപ തട്ടിയതിൽ ഒരാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയും വിപിവിവി കേരള കോ–ഓർഡിനേറ്ററുമായ കൊല്ലം ചിറക്കര താഴംചേരി പ്രഭാലയത്തിൽ പ്രദീപ് കുമാറി (56)നെയാണ് വടശേരിക്കോണം ദാറുൽഹുദയിൽ എ എം മുനീർ നൽകിയ പരാതിയിൽ കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽനിന്ന് പിടികൂടിയത്. വിപിവിവി ടെക്നോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് തട്ടിപ്പ്. 2018ൽ മൂന്നുപേർ ചേർന്നാണ് തമിഴ്നാട് കേന്ദ്രീകരിച്ച് കമ്പനി തുടങ്ങിയത്. പദ്ധതികളിൽ വൻലാഭം ഓഫർ ചെയ്ത് കോടികൾ തട്ടി. ഒന്നാം പ്രതി വെങ്കിട് വെങ്കിട്ടിനെ നേരത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി വിനോദ് കുമാർ ഒളിവിലാണ്. അഞ്ചുപേരാണ് പ്രതികൾ. കമ്പനിക്ക് യുഎസ് പ്രതിരോധവകുപ്പിന്റെ 50 ട്രില്യൺ ഡോളറിന്റെ കരാർ ലഭിച്ചിട്ടുണ്ടെന്നും ഒരുകോടി നിക്ഷേപിച്ചാൽ 5000 കോടിയുടെ സബ് കോൺട്രാക്ട് നൽകാമെന്നും 25 ശതമാനം ലാഭം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പരാതിക്കാരന്റെ വർക്കലയിലെ ബാങ്ക് അക്കൗണ്ട്‌വഴി കമ്പനിയുടെ നാഗ്‌പുരിലെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ കൈമാറി. പരാതിക്കാരൻ 25 ലക്ഷം ചെലവഴിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഉടമയുടെ അനുമതിയില്ലെന്ന കാരണത്താൽ അധികൃതർ തടഞ്ഞു. പിന്നീട് വർക്കലയിലെ 350 കോടിയുടെ ശിവപുരി ക്ഷേത്രനിർമാണ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ പങ്കാളിയാക്കാമെന്നും നിക്ഷേപത്തിന് വലിയ വരുമാനം ലഭിക്കുമെന്നും പറഞ്ഞ് വീണ്ടും വിശ്വസിപ്പിച്ചു. യുഎസിൽനിന്ന് ഫണ്ട് എത്താൻ താമസമുണ്ടെന്ന് പറഞ്ഞ് മൂന്നുതവണയായി 20 ലക്ഷം രൂപകൂടി കമ്പനി കൈപ്പറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി.





0 comments