ബിനാലെ ആറാംപതിപ്പിന് ശീർഷകമായി; ‘ഫോർ ദി ടൈം ബീയിങ്’

കൊച്ചി
കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂററ്റോറിയൽ കുറിപ്പ് പുറത്തിറക്കി. ‘ഫോർ ദി ടൈം ബീയിങ്' എന്നതാണ് ആറാംപതിപ്പിന്റെ ശീർഷകം. നിഖിൽ ചോപ്രയാണ് ക്യുറേറ്റ് ചെയ്യുന്നത്. ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ 110 ദിവസമാണ് ബിനാലെ നടക്കുക.
ആറാംപതിപ്പിന്റെ ക്യുററ്റോറിയൽ പദ്ധതിയും ബിനാലെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പ്രദർശനങ്ങളോടൊപ്പം കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സമകാലീനകലയും സർഗാത്മക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, അവതരണങ്ങൾ, ശിൽപ്പശാലകൾ, ചലച്ചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളും അനുബന്ധമായി ഉണ്ടാകും.
ഏകീകൃത സ്വഭാവത്തിൽനിന്ന് പുറത്ത് കടന്ന് ജീവനുള്ള ആവാസവ്യവസ്ഥയായി സമൂഹത്തിൽ ഇഴുകിച്ചേരുന്ന രീതിയിലാണ് ആറാംപതിപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്യൂറേറ്റർ നിഖിൽ ചോപ്ര വിശദീകരിച്ചു. കാഴ്ചയുടെ ഘടകം, ഇടം, സമയം, വിഭവങ്ങൾ എന്നിവ പങ്കിടുകയും പരസ്പര സംഭാഷണങ്ങളിലൂടെ വളരുകയും ചെയ്യുന്ന ഒന്നായി ഈ പതിപ്പ് പരിണമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെയ്‌ക്ക് റവന്യു ഭൂമിയും കെട്ടിടവും വിട്ടുനൽകി
ഡിസംബർ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാംപതിപ്പ് പ്രദർശനവേദിക്കായി റവന്യുവകുപ്പിന് കീഴിലെ സ്ഥലവും കെട്ടിടവും സർക്കാർ കൈമാറി. പ്രധാന വേദിയായ ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിനോടുചേർന്നുള്ള 1.29 ഏക്കറും അതിലെ കെട്ടിടവുമാണ് ബിനാലെ ഫൗണ്ടേഷന് പാട്ടത്തിന് നൽകിയത്. മാസം 2,42,000 രൂപയാണ് വാടക.
ഇതിനുസമീപം ഡിഎൽഎഫിന്റെ ഉടമസ്ഥതയിലുള്ള ആസ്‌പിൻവാൾ ഹൗസും മൂന്ന് ഏക്കറോളം സ്ഥലവും ഏറ്റെടുക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതനുസരിച്ച് ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ വൈകാതെ പൂർത്തിയാകുമെന്നാണ് ബിനാലെ ഫൗണ്ടേഷന്റെ പ്രതീക്ഷ. സ്ഥലത്തിന് ഡിഎൽഎഫ് 80 കോടിയോളമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേ സ്ഥലവും കെട്ടിടവും കേന്ദ്ര തീരസംരക്ഷണ സേനയ്‌ക്ക് വിൽക്കാൻ ഡിഎൽഎഫ് ശ്രമിച്ചിരുന്നു. ബിനാലെയ്‌ക്ക് സ്ഥിരംവേദിയായി ആസ്‌പിൻവാൾ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമം അവഗണിച്ചായിരുന്നു ഈ നീക്കം. എന്നാൽ, കൊച്ചിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആസ്‌പിൻവാൾ ഹൗസ് സേനയ്‌ക്ക് വിൽക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. പൈതൃകമായി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യവും ഉയർന്നതോടെ വിൽപ്പന നീക്കം ഡിഎൽഎഫ് മരവിപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറായി. തുടക്കത്തിൽ ഉയർന്ന വിലയാണ് അവർ ആവശ്യപ്പെട്ടത്.










0 comments