ad
Deshabhimani

യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികരുടെ മരണം; ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം: ഇടതുപക്ഷ പാർടികൾ

Left parties
വെബ് ഡെസ്ക്

Published on Jun 15, 2026, 04:28 PM | 2 min read

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നാവികസേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷ പാർടികൾ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സിപിഐ എം, സിപിഐ, സിപിഐ എംഎൽ (ലിബറേഷൻ), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി പാർടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


കപ്പലുകൾക്കെതിരെ ആക്രമണം തുടരുമെന്നാണ് അമേരിക്ക പറയുന്നത്. യുഎസിന്റെ നടപടികൾ യുഎൻ പ്രഖ്യാപനങ്ങൾക്കും അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്ര സഞ്ചാര നിയമങ്ങൾക്കും വിരുദ്ധമാണ്. ലോകമെമ്പാടും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണ് യുഎസിന്റെ ശ്രമം. ഇത് അംഗീകരിക്കില്ല. സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് യുഎസിന്റെ പങ്കാളിയായി മാറുന്നതിലൂടെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയാണ്. സർക്കാരിന്റെ തണുത്ത പ്രതികരണവും യുഎസിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതും ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള അപമാനമാണിത്.


ഇറാനും പശ്ചിമേഷ്യയ്ക്കും നേരെയുള്ള യുഎസ് ആക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. വർധിച്ചുവരുന്ന ഊർജ പ്രതിസന്ധി, വളങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ദൗർലഭ്യം എന്നിവയ്ക്ക് സംഘർഷം കാരണമായി. ഈ സന്ദർഭത്തിൽ ഇന്ത്യ, യുഎസ് സാമ്രാജ്യത്വ ആക്രമണത്തെ അപലപിക്കുകയും അമേരിക്കയ്‌ക്കെതിരെ നിലകൊള്ളുകയും വേണം.


കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഇടതുപക്ഷ പാർടികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുഎസ് ആക്രമണത്തിനെതിരെ പ്രതിഷേധിക്കാനും ഇന്ത്യൻ നാവികരുടെ കൊലപാതകത്തെ അപലപിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. രാജ്യത്തുടനീളം യുഎസിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും മരണങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാൻ എല്ലാ നയതന്ത്ര മാർഗങ്ങളും സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home