രണ്ടു കോടിയുടെ സ്വർണ്ണമിശ്രിതവുമായി കോഴിക്കോട് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

കസ്‌റ്റംസ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയ സ്വർണമിശ്രിതവും മാലകളും
കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ടു കോടി രൂപയോളം വില വരുന്ന സ്വർണ്ണ മിശ്രിതവുമായി ഒരാൾ കസ്‌റ്റംസ് പിടിയിൽ. കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടി പൊയിൽ (36) എന്നയാളെയാണ് പരിശോധനയ്‌ക്കിടെ കസ്‌റ്റംസ് പിടികൂടിയത്. വ്യാഴാഴ്‌ച അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്‌ക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്. പ്രത്യേകം തുന്നിച്ചേർത്ത അടിവസ്ത്രത്തിനുള്ളിലാണ് സ്വർണ്ണ പേസ്റ്റ് ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ വേർതിരിക്കലിലൂടെ 1,246.23 ഗ്രാം 24 കാരറ്റ് സ്വർണ്ണം അടങ്ങിയ സ്വർണ്ണ പേസ്റ്റ് കണ്ടെത്തി. 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണ്ണമാലകളും ഇയാളിൽ നിന്ന് കണ്ടെത്തി. ആകെ 1,97,22,653 രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ച് കസ്‌റ്റംസ് അന്വേഷണം ആരംഭിച്ചു.
ഇൗ മാസം രണ്ടാം തവണയാണ് വിമാനത്താവളത്തിൽ സവർണ്ണമിശ്രിതം പിടികൂടുന്നത്. രണ്ടുകോടിയോളം വിലമതിക്കുന്ന സ്വർണമിശ്രിതവുമായി കൊച്ചി വിമാനത്താവളത്തിൽ 14ന് തമിഴ് ദമ്പതികളെ കസ്റ്റംസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ കാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് അറസ്‌റ്റിലായത്. ധരിച്ചിരുന്ന ട്രൗസറിന്റെ ചുറ്റും തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്.










0 comments