സത്യനാരായണ മൂർത്തിക്ക് കെനിയയിൽ ഖനികൾ; ഹൈദരാബാദിൽ കോടികളുടെ ഫ്ലാറ്റിൽ താമസം

സത്യനാരായണ മൂർത്തി

സ്വന്തം ലേഖകൻ
Published on May 07, 2026, 11:16 AM | 1 min read
കൊച്ചി: ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ എറണാകുളം സ്വദേശിയിൽനിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണ മൂർത്തിക്ക് (36) കെനിയയിൽ സ്വന്തമായി ഖനികൾ. സൈബർ തട്ടിപ്പുകാർ തന്റെ അക്കൗണ്ടിലേയ്‌ക്ക് അയക്കുന്ന പണം ഖനികൾ വാങ്ങാൻ ഉപയോഗിച്ചതായാണ് അന്വേഷകസംഘം സംശയിക്കുന്നത്. കെനിയയിൽനിന്ന് ഹൈദരാബാദിലെത്തി ഒരാഴ്‌ചയ്‌ക്കകമാണ് ഇയാൾ അറസ്‌റ്റിലായത്. സത്യനാരായണ മൂർത്തിയുടെ സഹായി, ഒളിവിലുള്ള വരദറെഡ്ഡിക്കായി അന്വേഷണം വ്യാപകമാക്കി.
സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ സ്വീകരിച്ച് വെളുപ്പിക്കുകയായിരുന്നു ഇയാളെന്ന് അന്വേഷകസംഘം കണ്ടെത്തി. ഇതിനായി ഖനികൾ വാങ്ങുകയും തന്റെ നിർമാണ കന്പനിയിലൂടെ ഹൈദരാബാദിലെ സിലിക്കൺ സിറ്റിയിലടക്കം ബഹുനിലക്കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്‌തു. ഹൈദരാബാദ് കേന്ദ്രീകരിച്ച് 1000 കോടിയുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യമാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്.
ഹൈദരാബാദ് നഗരമധ്യത്തിൽ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിലായിരുന്നു താമസം. തെലങ്കാനയിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പല നേതാക്കളുടെയും ബിനാമിയാണ് ഇയാളെന്നും സംശയിക്കുന്നു. ഹൈദരാബാദിൽ നടന്ന 300 കോടി രൂപയുടെ സൈബർ തട്ടിപ്പിലെ കണ്ണിയായ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സത്യനാരായണ മൂർത്തിയെയും ടൈസൺ രാജുവിനെയും ഇൗ ആഴ്‌ച അന്വേഷകസംഘം കസ്‌റ്റഡിയിൽ വാങ്ങും.
ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണ മൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരെ കൊച്ചി സൈബർ പൊലീസ് ഹൈദരാബാദിൽനിന്ന് ഞായറാഴ്‌ചയാണ് അറസ്‌റ്റ് ചെയ്‌തത്. തട്ടിയെടുത്ത 24.76 കോടി രൂപയിൽ ഏകദേശം 16 കോടിയാണ് സത്യനാരായണ മൂർത്തിയുടെ അക്കൗണ്ടിലേയ്‌ക്ക് എത്തിയത്.
‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. 2023 മാർച്ച് 15 മുതൽ ആഗസ്‌ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്.










0 comments