ad
Deshabhimani

print edition ചിരിമാത്രം പോരാ, നയംകൂടി വേണം

V D Satheesan

വി ഡി സതീശൻ

avatar
സ്വന്തം ലേഖകൻ

Published on Jun 03, 2026, 02:04 AM | 1 min read

​തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളെ പേരിനുപോലും വിമർശിക്കാത്ത യുഡിഎഫ്‌ സർക്കാരിന്റെ നയപ്രഖ്യാപനത്തിലെ മ‍ൗനത്തെ നിയമസഭയിൽ തുറന്നുകാണിച്ച്‌ പ്രതിപക്ഷം. നന്നായി ചിരിക്കുന്നവർ മാത്രം പോരെന്നും നല്ല നയങ്ങൾകൂടി വേണമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെ എതിർത്ത്‌ എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു.


ഭരണപക്ഷത്തുനിന്ന്‌ എം വിൻസെന്റ്‌ ആണ്‌ നന്ദിപ്രമേയം അവതരിപ്പിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനായിരുന്നു വിൻസെന്റിന്റെ ശ്രമം. ആടിനെ പട്ടിയാക്കുന്ന യുഡിഎഫ്‌ സമീപനം തിരുത്തണമെന്ന്‌ കെ എൻ ബാലഗോപാൽ പറഞ്ഞു. 18 മാസം ക്ഷേമപെൻഷൻ നൽകാത്ത, ആശുപത്രികളിൽ മരുന്ന്‌ എത്തിക്കാത്തവരാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.


102 സീറ്റുമായി എത്തിയ ഭരണപക്ഷം ക‍ൗരവപ്പടയാകരുതെന്ന്‌ പി പ്രസാദ്‌ പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബയ്‌ക്കുമുന്നിൽ കുനിയാൻ ഞങ്ങളില്ല. ബ്ലു ഇക്കണോമിയുടെ പേരിൽ തീരം തീറെഴുതാനാണ്‌ നീക്കം. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിലൂടെ വയലുകൾക്ക്‌ വധശിക്ഷ നൽകാനാണ്‌ ശ്രമം. സയന്റിഫിക്‌ ടെംപർ പറയുന്നവർക്ക്‌ 13–ാം നമ്പർ കാർ ഉപയോഗിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത രാഷ്‌ട്രീയ ഡീൽ എന്താണെന്ന്‌ വ്യക്തമാക്കണമെന്ന്‌ എ സി മൊയ്‌തീൻ ആവശ്യപ്പെട്ടു. 2020ൽ നയപ്രഖ്യാപനത്തിൽ വായിക്കില്ല എന്നു ഗവർണർ പറഞ്ഞ ഭാഗം വായിപ്പിച്ച സർക്കാരാണ്‌ എൽഡിഎഫിന്റേത്‌. തൊഴിലുറപ്പ്‌ പദ്ധതി പേരുമാറി വരുന്നു. കിഫ്‌ബിയുടെ ഭാവി എന്താകും. ഇതേക്കുറിച്ചൊന്നും നയപ്രഖ്യാപനത്തിലില്ല. തോൽവികളിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ ചരിത്രമാണ്‌ എൽഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ സ്വീകരിക്കുന്ന അപകടകരമായ നയങ്ങൾക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ നിശബദ്ത ആശങ്കയുണ്ടാക്കുന്നതാണെന്ന്‌ കെ വി സുമേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home