കെഎംഎംഎല്ലിന്റെ പണം ട്രാവൻകൂർ സിമന്റ്‌സിന് നൽകാൻ സമ്മർദം


സ്വന്തം ലേഖകൻ
Published on Sep 02, 2026, 02:20 AM | 1 min read
കൊല്ലം : നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാന പൊതുമേഖലാസ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പണം മറ്റൊരു പൊതുമേഖലാസ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന് നൽകാൻ സർക്കാർ സമ്മർദം. ട്രാവൻകൂർ സിമന്റ്‌സിന് 30ലക്ഷം രൂപ നൽകാനാണ് വ്യവസായ മന്ത്രിയുടെ ഓഫീസ് വ്യവസായ സെക്രട്ടറി കെഎംഎംഎൽ മാനേജിങ് ഡയറക്‌ടറോട് ആവശ്യപ്പെട്ടത്. സർക്കാർ ഉത്തരവും ഡയറക്‌ടർ ബോർഡിന്റെ അനുമതിയും ഇല്ലാതെ കെഎംഎംഎൽ അക്കൗണ്ടിൽനിന്ന് വലിയ തുക നൽകുന്നത് കന്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
ട്രാവൻകൂർ സിമന്റ്‌സിന് സഹായം നൽകുന്നതിന്റെ ചുവടുപിടിച്ച് ഭാവിയിൽ കെഎംഎംഎല്ലിന്റെ അക്കൗണ്ടിൽനിന്ന് വലിയ തുക മറ്റു പല ആവശ്യങ്ങൾക്കുമായി പിൻവലിക്കാനാകും. ട്രാവൻകൂർ സിമന്റ്‌സിന് കെഎംഎംഎല്ലിന്റെ പണം നൽകാൻ സർക്കാർ ഉത്തരവ് ഇറക്കാത്തതും ദുരൂഹമാണ്. ജീവനക്കാരുടെ പ്രതിഷേധത്തെതുടർന്ന് നടപടിക്രമങ്ങൾ പാലിക്കാതെ തുക നൽകില്ലെന്ന് കെഎംഎംഎൽ ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതാക്കൾക്ക് മാനേജിങ് ഡയറക്‌ടർ ഉറപ്പുനൽകി. എന്നാൽ, പണം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെഎംഎംഎൽ മാനേജിങ് ഡയറക്‌ടറെ വ്യവസായ സെക്രട്ടറി വിളിപ്പിച്ചിരുന്നു.










0 comments