print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന് കെഎംസിസി

തൃശൂർ: യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടികൾക്കെതിരെ രൂക്ഷ വിമർശവുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടന. പ്രവാസി പെൻഷൻ മുടങ്ങിയതുൾപ്പെടെയുള്ള നടപടികൾ നീതീകരിക്കാനാവില്ലെന്ന് കെഎംസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ പറഞ്ഞു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
പ്രവാസികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ യുഡിഎഫ് സർക്കാരിനായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ‘പ്രവാസി പെൻഷൻ മുടങ്ങിയത് നീതീകരിക്കാനാവില്ല. നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിന് പരിഹാരം കാണണം. പ്രവാസികളെ തഴഞ്ഞുകൊണ്ടല്ല ഇൻഷുറൻസ് കന്പനികളെ സഹായിക്കേണ്ടത്. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളായ പാവങ്ങൾ പെൻഷനുവേണ്ടി കാത്തിരിക്കുകയാണ്. അവരെ സർക്കാർ കണ്ണീരിലാഴ്‌ത്തുകയാണ്. ഒട്ടും ആശ്വാസം തരുന്ന കാര്യങ്ങളല്ല നടക്കുന്നത്. അതുകൊണ്ട് പ്രതികരിക്കും. പ്രവാസലോകത്തെ എല്ലാ സംഘടനകൾക്കും ഇൗ ആശങ്കയുണ്ട്. പെൻഷൻ പുനഃസ്ഥാപിക്കുന്നതിനും ഇൻഷുറൻസ് പ്രീമിയം പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതും പണം കണ്ടെത്തേണ്ടതും സർക്കാരാണ് ’–പുത്തൂർ റഹ്‌മാൻ പറഞ്ഞു.
നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും നിയമിക്കാത്തതിലും കെഎംസിസിക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നയാളാണ് പുത്തൂർ റഹ്‌മാൻ.









0 comments