കെ എം ഷാജിയുടെ പ്രാഗിലേക്കുള്ള യാത്ര ദുരൂഹം: എം വിജിൻ

തിരുവനന്തപുരം: മന്ത്രി കെ എം ഷാജി ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്തത് ദുരൂഹമാണെന്നും രഹസ്യയാത്ര എന്തിനെന്ന് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, യുഎഇ എന്നിവിടങ്ങളിൽ മന്ത്രി യാത്ര നടത്തിയെന്നാണ് നിയമസഭാ രേഖകളിലുള്ളത്. ഇതിൽ ചെക്ക് റിപബ്ലിക്കോ പ്രാഗോ ഇല്ല. ഇത് വലിയ വീഴ്ചയാണെന്നും ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
കെ എം ഷാജിയുടെ വിദേശയാത്രയും റേഞ്ച് റോവറും നേരത്തെ വിവാദമായിരുന്നു. എന്നെല്ലാം അതിനെ ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. പ്രാഗിലേക്ക് പോയത് എന്തിനെന്ന് മന്ത്രി വ്യക്തമാക്കണം. പ്രാഗിലെ ടൂറിസത്തെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്താൽ ചില വിവരങ്ങൾ കിട്ടും. അതിനാണോ മന്ത്രി പോയതെന്ന് വ്യക്തമാക്കണം. മന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരാണെന്നും വ്യക്തമാക്കണം. മദ്യ വ്യവസായി ആണ് യാത്ര സ്പോൺസർ ചെയ്തത് എന്നാണ് വാർത്ത. ഇതിൽ മുസ്ലീം ലീഗിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്നും വിജൻ പറഞ്ഞു.
അതേസമയം ദുരൂഹ യാത്രയെ കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ എം ഷാജിയുടെ റേഞ്ച് റോവർ വിവാദം മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി പുകയുമ്പോഴാണ് പുതിയ വിവാദം ഉയരുന്നത്.









0 comments