Deshabhimani

അരി മുതൽ പച്ചക്കറി വില വരെ കുതിച്ചുയരുന്നു; വിപണിയിൽ ഇടപെടാതെ സർക്കാർ

Price hike
വെബ് ഡെസ്ക്

Published on Oct 13, 2026, 03:41 PM | 1 min read

തിരുവനന്തപുരം : രാജ്യത്ത് പണപ്പെരുപ്പം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അരി, പചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെയെല്ലാം വില കുതിച്ചുയരുകയാണ്. നിത്യോപയോ​ഗ സാധനങ്ങളുടെ വില വർധിച്ചതോടെ നട്ടം തിരിയുകയാണ് സാധാരണക്കാർ. വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ വേണ്ട ഇടപെടൽ നടത്താതെ മൗനം പാലിക്കുകയാണ് ഭക്ഷ്യവകുപ്പ്. അരി മുതൽ പച്ചക്കറി വരെയുള്ള സാധനങ്ങളുടെ വില വർധിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റാണ് താളം തെറ്റിയത്. പൊന്നി അരിക്ക് ഒരാഴ്ചക്കിടെ 11 രൂപയാണ് കൂടിയത്. ഓണക്കാലത്ത് 60 രൂപയായിരുന്ന പൊന്നി അരിയുടെ വില നിലവിൽ 78 രൂപയാണ്. മട്ട, കുറുവ, സോനാ മസൂരി, ജയ തുടങ്ങി എല്ലായിനം അരിയുടെയും വില വർധിച്ചിട്ടുണ്ട്.


തൊട്ടാൽ പൊള്ളുന്ന രീതിയിലാണ് പച്ചക്കറി വില. ഓണത്തിന് മുൻപ് വർധിച്ച സവാളയുടെ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ന് ഒരു കിലോ സവാളയുടെ വില 80 രൂപയാണെങ്കിൽ, ചെറിയ ഉള്ളിക്ക് 100 രൂപയാണ് വില. ഇഞ്ചിക്ക് ഒരു കിലോക്ക് 200 രൂപയാണെങ്കിൽ, വെളുത്തുള്ളിക്ക് 216 രൂപവരെയാണ് ഇന്നത്തെ വില. പച്ചമുളകിന് 90 രൂപയാണ് കിലോക്കെങ്കിൽ, തക്കാളിക്ക് 70 രൂപയാണ്. പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുകയാണ്. പരിപ്പിന് കിലോക്ക് 175 രൂപ, ഉഴുന്ന് പരിപ്പിന് 237 രൂപ, കടലക്ക് 140 രൂപ, ചെറുപയറിന് 220 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില. പഞ്ചസാരക്ക് കിലോ 45 രൂപയായിരുന്നത് 66 രൂപയായി ഉയർന്നിട്ടുണ്ട്. വറ്റൽമുളകിന് വെറും 500 ​ഗ്രാമിന് 440 രൂപയാണെങ്കിൽ, കശ്മീരി വറ്റൽമുളകിന് 100​ ​ഗ്രാമിന് 300 രൂപവരെയാണ് വില.


നിത്യോപയോ​ഗ സാധനങ്ങളുടെയെല്ലാം വില വർധിക്കുമ്പോൾ തിരിച്ചടിയാകുന്നത് സാധാരണക്കാർക്കാണ്. അവശ്യ സാധനങ്ങളുടെ വില വർധിച്ചതോടെ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ഓണക്കാലത്ത് തുടങ്ങിയ വില വർധന പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. സാധാരണക്കാർ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ വിപണിയിൽ ഇടപെട്ട് വില വർധന പിടിച്ചു നിർത്താൻ ഭക്ഷ്യവകുപ്പും സർക്കാരും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home