ദീപാവലിക്ക് ശേഷം എന്നു വിശദീകരണം
യുപിഐ പേമെന്റുകൾക്ക് ഫീസ് നടപ്പാക്കുന്നത് നീട്ടി; സര്‍വ്വത്ര ആശയ കുഴപ്പം

ന്യൂഡൽഹി:മൊബൈൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പണം ഇടപാടുകൾക്ക് മേൽ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യുപിഐ പേമെന്റ് ഫീ നടപ്പാക്കുന്നത് നീട്ടി. കനത്ത എതിര്‍പ്പും ബഹിഷ്കരണ ആഹ്വാനം ഉൾപ്പെടെ പ്രതിഷേധങ്ങളും തുടരുന്നിതിനിടയിലാണ് മാറ്റം. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യക്തികൾ തമ്മിലുള്ളതല്ലാത്ത ഇടപാടുകൾക്ക് ഒക്ടോബര്‍ 15 മുതൽ ഇടപാട് ഫീ ഈടാക്കി തുടങ്ങും എന്നായിരുന്നു പ്രഖ്യാപനം. ദീപാവലിക്ക് ശേഷം എന്നാണ് പുതിയ അറിയിപ്പ്.
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് വഴി നടത്തുന്ന വ്യക്തി-വ്യാപാരി (P2M) ഇടപാടുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നടപ്പാക്കുന്നത് മാറ്റിവെച്ചതായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിപ്പിൽ പറയുന്നു. ദീപവലിക്ക് ശേഷം പണം ഈടാക്കൽ തീയതി നിശ്ചയിക്കും എന്നാണ് വിശദീകരിക്കുന്നത്. ഉത്സവകാല തിരക്ക് പരിഗണിച്ചാണ് ഇതെന്നും പറയുന്നു.
എൻപിസിഐയുടെ യുപിഐ ആൻഡ് സർവീസസ് സ്റ്റീയറിങ് കമ്മിറ്റി വഴിയാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഫീസ് ഏര്‍പ്പെടുത്തുന്നത് ഉത്തരവായി കഴിഞ്ഞിട്ടുണ്ട്. നടപ്പാക്കൽ തീയതിയാണ് മാറ്റിയിരിക്കുന്നത്.
ആശയകുഴപ്പം തീര്‍ന്നില്ല
അതിനും മുൻപേ തീയതി പ്രഖ്യാപിച്ചു
തിടുക്കപ്പെട്ടുള്ള തീരുമാനം വലിയ ആശയ കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നു. യു എസ് ഉൾപ്പെടെ രാജ്യങ്ങളിലെ ഗൂഗിൾ പോലുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബാങ്കുകളുടെയും ധനകാര്യ ബിസിനസ് സ്ഥാപനങ്ങളുടെയും തന്ത്രപൂര്‍വമുള്ള സ്വാധീനവും സമ്മര്‍ദ്ദവും പുറത്തുവന്നു. ഇന്ത്യയിൽ യിപിഐ പ്രചാരം വര്‍ധിച്ചതോടെ ഫിൻടെക് കമ്പനികൾ കൂടുതൽ പിടിമുറുക്കി.
ഇടപാടുകൾക്ക് 0.4% നിരക്കിൽ എംഡിആർ ചാർജ് ചുമത്താനാണ് നിർദ്ദേശിച്ചിരുന്നത്. അതായത്, 10,000 രൂപയുടെ ഇടപാടിന് 40 രൂപ ചാർജ് വരുമാനമായി വരുന്ന രീതിയിലാണ് ഇത് നിശ്ചയിച്ചിരുന്നത്. ഇടോടെ പലയിടത്തും യുപിഐ പേമേന്റുകൾ സ്വീകാര്യമല്ല എന്ന ബോര്‍ഡുകൾ പ്രത്യക്ഷപ്പെട്ടു.
പുതിയ നിരക്കുകൾ ഏതൊക്കെ ഇടപാടുകൾക്ക് ബാധകമാവും എന്ന വിശദീകരണം ഉണ്ടായിരുന്നില്ല. വിവിധ വിഭാഗങ്ങളിൽ വ്യത്യസ്ത നിരക്കാവുമോ, എങ്കിൽ ഇവ ഏതൊക്കെ എന്ന് വ്യവഛേദിച്ചിരുന്നുമില്ല. ഇത് വ്യാപാരികളിൽ നിന്നും ഫിൻടെക് കമ്പനികളിൽ നിന്നു തന്നെയും സംശയങ്ങൾക്കും പരാതികൾക്കും ഇടയാക്കി.
ജനങ്ങളുടെ കയ്യിലെ പണമൂറ്റുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്തു നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വലിയ തോതിൽ തുറന്നു കാട്ടപ്പെട്ടു. ജനവികാരം എതിരായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് നിത്യപരിചയമായി കഴിഞ്ഞിട്ടുള്ള യുപിഐ പേമേന്റിന് തിടുക്കപ്പെട്ട ഫീസ് ചുമത്തുന്നത് തിരിച്ചടിക്കും എന്ന വിലയിരുത്തലും ഉണ്ടായി. സമാന രീതിയിലാണ് ഓൺലൈൻ ഇടപാടുകൾക്ക് മേലും എടിഎം ഇടപാടുകൾക്കും ഫീസ് നടപ്പാക്കിയത്. പലതവണ നീട്ടിവെക്കുകയും പിന്നീട് ചെറിയ തുകയായി ഏര്‍പ്പെടുത്തി വര്‍ധിപ്പിച്ച് നൽകുകയും ആയിരുന്നു.








0 comments