എസ്ഐആർ പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ അടിച്ചമർത്താൻ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: പാലക്കാട് എസ്എഫ്ഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും ഉപയോഗിച്ച് അടിച്ചമർത്താനാണ് യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്നും ക്രിമിനലുകളെ ഉപയോഗിച്ച് സമരങ്ങളെ നേരിടുന്ന നടപടി ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാലക്കാട് എസ്എഫ്ഐ നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം നാടിനെ ഞെട്ടിക്കുന്നതാണ്. എസ്ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും നൽകി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഇവിടെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നത്.
മദ്യപിച്ചെത്തിയ ഒരു പോലീസുകാരൻ അതിക്രൂരമായ മർദ്ദനമാണ് വിദ്യാർഥികൾക്ക് നേരെ പാലക്കാട് അഴിച്ചുവിട്ടത്. പെൺകുട്ടികളെയടക്കം അയാൾ ഇടിവള ഉപയോഗിച്ച് നേരിട്ടു. ഇക്കാര്യം അപ്പോൾ തന്നെ വിദ്യാർത്ഥികൾ ശ്രദ്ധയിൽ പെടുത്തിയിട്ടും മാധ്യമങ്ങൾ ദൃശ്യങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. അയാളെ മറ്റ് ഉദ്യോഗസ്ഥർ ചേർന്നു പോലീസ് വാഹനത്തിൽ കയറ്റി അവിടെ നിന്നും പെട്ടെന്ന് മാറ്റുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി പറയാൻ പോലീസ് തയ്യാറായതുമില്ല.
തുടർന്ന്, ഈ അതിക്രമത്തിനെതിരെ നടപടിയെടുക്കാൻ നിയമസഭയിൽ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടേണ്ടിവന്നു. അതിനുശേഷമാണ് കുറ്റാരോപിതനായ പോലീസുകാരനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തയ്യാറായത്. അപ്പോഴും വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ ഇയാൾ ലഹരിയിൽ ആയിരുന്നു എന്ന കാര്യം ആഭ്യന്തര മന്ത്രി സഭയിൽ മറച്ചുവെക്കുകയായിരുന്നു.
തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നത് വരെ കാത്തിരിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ പൂർണ്ണമായ പരാജയമാണിത്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ ഒരു പോലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്? തിരുവനന്തപുരത്ത് ഹോസ്റ്റലിൽ കയറി അതിക്രൂരമായി വിദ്യാർഥികളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാർക്കെതിരെ ഇപ്പോഴും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
സേനയിലെ ഇത്തരം ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ യുഡിഎഫ് സർക്കാരിന് ബാധ്യതയുണ്ട്. പോലീസിനെ നിയന്ത്രിക്കാനും അവർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർക്കാർ അടിയന്തരമായി തയ്യാറാകണം.
ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ഇത്തരം ക്രിമിനൽ പോലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തിൽ നടപ്പാക്കിയാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഈ നാട് സാക്ഷ്യം വഹിക്കേണ്ടി വരും.









0 comments