ഭരണഘടനാസ്ഥാപനങ്ങളെ ആർഎസ്എസ് നിയന്ത്രണത്തിലാക്കി; കേരളത്തിലും പ്രക്ഷോഭം ശക്തമാക്കും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കുകയും തങ്ങളുടെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുകയുമാണ് ബിജെപിയും ആർഎസ്എസും. തെരഞ്ഞെടുപ്പ് കമീഷനോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ രൂപീകരണം. സംഘപരിവാറിന്റെ രാഷ്‌ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ജനവിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയെന്ന അജണ്ടയാണ് എസ്ഐആറിലൂടെ നടപ്പായത്. 13 കോടിയോളം ജനങ്ങളെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 25 ലക്ഷത്തോളം പേരെ കേരളത്തില്‍നിന്നും ഒഴിവാക്കി.
ഇതിനെതിരായുള്ള വലിയ പ്രതിഷേധമാണ് രാജ്യ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലും ആ പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ അനുഭാവ സമരങ്ങള്‍ ആരംഭിക്കുന്നതിന് പാർടി തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാടിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗങ്ങൾക്കുമൊപ്പം പ്രക്ഷോഭം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments