വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ശ്രുതി
പയ്യന്നൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ കാനായി സ്വദേശിയായ 24 കാരി ശ്രുതിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും ആൺസുഹൃത്ത് പിന്മാറിയതിൽ മനംനൊന്താണ് ശ്രുതി ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. തിങ്കൾ രാത്രിയോടെയാണ് ശ്രുതി പെരുമ്പ പുഴയിൽ ചാടിയത്. കഴിഞ്ഞ ദിവസം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് സംഘവും മുങ്ങൽ വിദഗ്ദരും നടത്തിയ തിരച്ചിലിലാണ് ശ്രുതിയുടെ മൃതദേഹം കണ്ടെത്തിയത്.
പയ്യന്നൂരിലെ ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരിയായിരുന്ന ശ്രുതി കാനായി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുകുടുംബവും ശ്രുതിയുടെയും യുവാവിന്റെയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ജനുവരിയിലായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ രണ്ടു മാസത്തിനു ശേഷം യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് ഇരു കുടുംബങ്ങളും സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും യുവാവ് വിവാഹത്തിന് തയ്യാറാല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
ശേഷം, വീടിന് സമീപത്ത് ഇരുവരും കൗൺസിലിങ്ങിന് വിധേയരായി. ആ സമയത്തും ശ്രുതിയെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവാവ് തീർത്തും പറഞ്ഞു. ഇതോടെ മനംനൊന്ത് കൗൺസിലിങ് സെന്ററിൽ നിന്നും ഇറങ്ങിപോയ ശ്രുതി പെരുമ്പ പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി വരികയാണ്.









0 comments