നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം
തൊട്ടറിയാം ഇവരുടെ ജീവിതവും

പാച്ചല്ലൂർ വിജയൻ ബ്രൈയ്‌ലി ബുക്ക് വായനയിൽ

റഷീദ് ആനപ്പുറം
Published on Jan 10, 2026, 06:22 PM | 1 min read
തിരുവനന്തപുരം: എഴുത്തിന്റെ ഹൃദ്യത അനുഭവിക്കാൻ കാഴ്‌ചവേണമെന്നില്ല. അകക്കണ്ണിലൂടെയും വായിക്കാം. കാഴ്‌ചപരിമിതർ പുസ്‌തകം വായിക്കുന്നത് അങ്ങനെയാണ്. അതിനായി അവർക്ക് പ്രത്യേക ലിപിയുണ്ട്. ബ്രെയിലി ലിപി. കാഴ്‌ചയില്ലെങ്കിലെന്ത്, നമ്മളെപോലെ ക്രിക്കറ്റും ചെസ്സും ലൂഡോയും പാമ്പും കോണിയും കളിക്കാൻ അവർക്കാകും. കണക്ക് കൂട്ടാനും പാടാനും സംഗീതോപകരണങ്ങൾ ഉപയോഗിക്കാനുമാകും. അതെങ്ങനെ എന്നല്ലേ. വരൂ, കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തോത്സവത്തിലെ ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡ്’ ഒരുക്കിയ സ്റ്റാളിലേക്ക്. അവിടെ വെല്ലുവിളിയെ പരാജയപ്പെടുത്തി കുറച്ച് പേർ വായിച്ചും കളിച്ചും ഇരിക്കുന്നത് നമുക്ക് കാണാം.

‘അനേക കാലത്തെ അലഞ്ഞു തിരിഞ്ഞുള്ള ഏകാന്ത ജീവിതത്തിന് ശേഷം മൂക്കത്ത് ശുണ്‌ഠിയുമായി ഞാൻ വൈക്കം പട്ടണത്തിനടുത്ത് തലയോലപറമ്പിലുള്ള എന്റെ വീട്ടിൽ താമസിക്കാൻ ചെന്നു...’ ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ നോവലിന്റെ
ബ്രെയിലി ബുക്കിലെ കുത്തുകളിലൂടെ വിരൽ പായിച്ച് പാച്ചല്ലൂർ വിജയൻ വായിക്കുകയാണ്. സ്റ്റാളിൽ എത്തിയ കുട്ടികൾക്ക് അദ്ദേഹം ആ ബുക്കിന്റെ പ്രത്യേകത വിശദീകരിക്കുമ്പോൾ എല്ലാവരുടേയും മുഖത്ത് അതിശയം. ഇൗ സമയം ഹിബ ഫാത്തിമയും ഉമ്മുകുൽസുവും ചെസ് കളിക്കുകയാണ്. മുഹമ്മദ് ഫാഹിസ് ആകട്ടെ അബാക്കസ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. എല്ലാവരും കാഴ്‌ച പരിമിതരാണ്. ബ്ലൈൻഡ് ക്രിക്കറ്റിനുപയോഗിക്കുന്ന കിലുങ്ങുന്ന ബാൾ, സ്‌കെയിൽ, തുടങ്ങിയവും ഇവിടെയുണ്ട്. ശരിക്കും ഒരു പുതിയ ലോകത്ത് എത്തിയ പ്രതീതിയിലാണ് കുട്ടികൾ.
ഇൗ പുസ്‌തകകോത്സവം വേറിട്ട് നിൽക്കുന്നത് ഇങ്ങനെ പലതുകൊണ്ടുമാണ്. ബുക്കുകൾ മാത്രമല്ല, ഇത്തരം ഒത്തിരി അനുഭവങ്ങളുടെ ലോകം കൂടിയാണ് പുസ്‌തകോത്സവം. തെയ്യം കാണാം. പപ്പറ്റ് ഷോയും പാട്ടും ആസ്വാദിക്കാം. നിയമസഭാ മ്യൂസിയത്തിൽ എത്തിയാൽ ചരിത്രത്തിന്റെ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ കടന്നുപോകാം.










0 comments