കൊന്നിട്ടും അധിക്ഷേപിക്കുന്നതിൽനിന്ന്‌ ലീഗ്‌ പിന്തിരിയണം: കെ കെ രാഗേഷ്‌

kk ragesh
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 02:19 AM | 1 min read

കണ്ണൂർ : അരിയിലെ സിപിഐ എം പ്രവർത്തകൻ വെല്യേരി മോഹനനെ കൊന്നിട്ടും അധിക്ഷേപിക്കുന്നതിൽനിന്ന്‌ മുസ്ലിംലീഗ്‌ പിന്തിരിയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ ആവശ്യപ്പെട്ടു. 13 വർഷംമുമ്പ്‌ ലീഗ്‌ ക്രിമിനലുകൾ വെട്ടിയരിഞ്ഞതിനെത്തുടർന്ന്‌ മരണത്തോട്‌ മല്ലടിച്ചാണ്‌ മോഹനൻ ഇതുവരെ ജീവിച്ചത്‌. അക്രമത്തിന്റെയും മരണത്തിന്റെയും ഉത്തരവാദിത്വത്തിൽനിന്ന്‌ ലീഗിന്‌ ഒഴിഞ്ഞുനിൽക്കാനാകുമോയെന്നും രാഗേഷ്‌ വാർത്താസമ്മേളനത്തിൽ ചോദിച്ചു. കടന്നൽക്കുത്തേറ്റതിന്റെപേരിൽ മോഹനൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നുവെന്നാണ്‌ മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. ദ‍ൗർഭാഗ്യകരമായ പ്രസ്‌താവനയാണിത്‌. ഒരു പ്രസ്ഥാനത്തിന്റെ ജില്ലാ അധ്യക്ഷപദവിയിലിരിക്കുന്നയാൾ ഒരുതരത്തിലും നടത്താൻ പാടില്ലാത്തത്‌. അൽപമെങ്കിലും മാനവികത ബാക്കിയുണ്ടെങ്കിൽ മോഹനന്റെ കുടുംബത്തോട്‌ മാപ്പുപറയണമെന്നും രാഗേഷ്‌ പറഞ്ഞു. മോഹനന്‌ പരിക്കേറ്റത്‌ അക്രമങ്ങളുടെ തുടർച്ചയായുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നുവെന്നാണ്‌ ലീഗ്‌ പറയുന്നത്‌. വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി വെട്ടിനുറുക്കിയതാണോ സ്വാഭാവിക പ്രതികരണം. മരിച്ചെന്നുകരുതി ഉപേക്ഷിച്ചുപോയതാണ്‌. ആശുപത്രിയിലെത്തിക്കാൻപോലും അനുവദിച്ചില്ല. തല വെട്ടിപ്പിളർന്നതിന്റെ ഫലമായി അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. പൂർണമായി ഓർമ തിരിച്ചുകിട്ടിയില്ല. മക്കളെപ്പോലും ചിലപ്പോൾ തിരിച്ചറിയാനാകുന്നില്ല. ഒരു സംഘർഷത്തിലും ഉൾപ്പെട്ടയാളായിരുന്നില്ല മോഹനൻ. തൊഴിലിന്റെ ഭാഗമായി നാട്ടിലെ എല്ലാ വീടുകളുമായി നല്ല ബന്ധമുള്ളയാളായിരുന്നു. അങ്ങനെയുള്ളയാളെ വെട്ടിനുറുക്കിയിട്ടാണ്‌ ലീഗ്‌ നേതാവ്‌ സ്വാഭാവിക പ്രതികരണത്തിൽ പരിക്കേറ്റതാണെന്ന്‌ പറയുന്നത്‌. ശരീരത്തിലേറ്റ 13 വെട്ടുകളിൽ നാലും തലയ്‌ക്കായിരുന്നു. 13 വർഷം മുമ്പു നടന്ന ലീഗ്‌ അക്രമത്തിന്റെ പേരിൽ സംഘർഷമുണ്ടാകരുതെന്നുതന്നെയാണ്‌ സിപിഐ എം നിലപാട്‌. അതേസമയം മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച മുസ്ലിംലീഗിന്‌ ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും കെ കെ രാഗേഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home