പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം മാനദണ്ഡങ്ങൾ പാലിച്ച്; ടി കെ ഗോവിന്ദന്റെ ആരോപണം കെട്ടിച്ചമച്ചത്: കെ കെ രാഗേഷ്

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംസാരിക്കുന്നു
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥിയായി പി കെ ശ്യാമള ടീച്ചറെ നിശ്ചയിച്ചത് അവരുടെ ദീർഘകാലത്തെ പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾ പരിഗണിച്ചാണെന്നും ബന്ധുത്വം നോക്കിയല്ലെന്നും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാർടിയിലെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർഥിയെ നിർണയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയല്ല സ്ഥാനാർഥി നിർണയം നടക്കുന്നത്. പാർടി കൂട്ടായി ചർച്ച ചെയ്താണ് സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥികളുടെ പേര് നാമനിർദേശം ചെയ്ത് ജില്ലാ സെക്രട്ടറിയറ്റ് ചർച്ച ചെയ്ത് തയ്യാറാക്കും. ഇവ സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്ത് അംഗീകരിക്കും. പിന്നീട് ജില്ലാ കമ്മിറ്റിയെ നിർദേശങ്ങൾ അറിയിച്ച് അഭിപ്രായങ്ങൾ തേടും. മണ്ഡലം കമ്മിറ്റികളുടെയും അഭിപ്രായം തേടും. ഈ നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് പി കെ ശ്യാമള ടീച്ചറെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. സിപിഐ എമ്മിൽ വിവിധ തലങ്ങളിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള നിരവധി പേരുണ്ട്.
അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള പാർടിയിൽ ചുരുക്കം ചിലർക്ക് മാത്രമേ ജനപ്രതിനിധിയാകാൻ സാധിക്കൂ. സ്ഥാനാർഥികളായി നിശ്ചയിക്കപ്പെട്ടവർ മാത്രമാണ് ഏറ്റവും മികച്ചവർ എന്ന് പാർടി കരുതുന്നില്ല. സ്ഥാനാർഥിയാകാത്തവരും മികച്ചവരാണ്. വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. "പാർടിയുടെ വിവിധ തലങ്ങളിൽ പരിശോധിച്ചാൽ പല നേതാക്കളുടെയും ബന്ധുക്കൾ സ്ഥാനാർഥിയായി വന്നിട്ടുണ്ട്. എന്നാൽ അവരാരെയും ബന്ധുത്വം പരിഗണിച്ചല്ല നിശ്ചയിച്ചിട്ടുള്ളത്. ഓരോ വ്യക്തിയും പാർടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനം, പാർടി നൽകിയിട്ടുള്ള ചുമതലകൾ എന്നിവയാണ് മാനദണ്ഡം." - കെ കെ രാഗേഷ്
പി കെ ശ്യാമള ടീച്ചർ 40 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്. ഹൈസ്കൂൾ പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തകയായി രംഗത്തുവന്ന അവർ, മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ കീഴൂർ പഞ്ചായത്ത് പ്രസിഡന്റ്, മഹിള അസോസിയേഷൻ മട്ടന്നൂർ ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളുടെ ചെയർപേഴ്സൺ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ രണ്ട് വനിതാ സ്ഥാനാർഥികൾ വേണമെന്നാണ് പാർടി നിശ്ചയിച്ചത്. പി കെ ശ്യാമള ടീച്ചറെ പരിഗണിച്ചത് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല, മറിച്ച് അവരുടെ സംഘടനാ മികവ് കൊണ്ടാണ്. ഈ തീരുമാനത്തെ ടി കെ ഗോവിന്ദൻ നീചമായാണ് അവതരിപ്പിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ ടി കെ ഗോവിന്ദന്റെ പേര് ആരും നിർദേശിച്ചിരുന്നില്ല. എന്നാൽ തന്നെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. പാർലമെന്ററി വ്യാമോഹം മൂലമാണ് അദ്ദേഹം ഇത്തരത്തിൽ പെരുമാറുന്നത്. ശ്യാമള ടീച്ചർക്ക് പകരം മറ്റാരെ നിശ്ചയിച്ചിരുന്നെങ്കിലും ടി കെ ഗോവിന്ദന്റെ നിലപാട് ഇതുതന്നെയാകുമായിരുന്നുവെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ പ്രചാരണം ടി കെ ഗോവിന്ദൻ ഏറ്റെടുക്കുകയായിരുന്നു. പേരാവൂർ പിടിച്ചെടുക്കാനാണ് കെ കെ ശൈലജയെ മത്സരിപ്പിക്കുന്നത്. ടി കെ ഗോവിന്ദൻ സണ്ണി ജോസഫിന് വിടുപണി ചെയ്യുകയാണ്. ടി എ മധുസൂദനനെ പിന്തുണച്ചാണ് ഇത്രയും കാലം അദ്ദേഹം സംസാരിച്ചിരുന്നത്. ഇപ്പോൾ മധുസൂധനനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു. ടി കെ ഗോവിന്ദന്റേത് കെട്ടിച്ചമച്ച ആരോപണമാണെന്നും കെ കെ രാഗേഷ് പറഞ്ഞു.










0 comments