ad
Deshabhimani

എഐ വെല്ലുവിളികൾ നേരിടാം; വിദ്യാര്‍ത്ഥികള്‍ക്കായി ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’പുറത്തിറക്കി കൈറ്റ്

KITE

സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026

വെബ് ഡെസ്ക്

Published on Mar 08, 2026, 06:52 PM | 2 min read

തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ചു. നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപന മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജ വാർത്തകൾ തിരിച്ചറിയൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി കുട്ടികളെ മാറ്റൽ തുടങ്ങിയ പതിമൂന്ന് കാര്യങ്ങളാണ് പ്രോട്ടോകോൾ ലക്ഷ്യമിടുന്നത്. അക്കാദമിക പ്രവർത്തനങ്ങൾ, എഐ ഉപയോഗം, ഭരണപരമായ ഡാറ്റ കൈമാറ്റം, ഓൺലൈൻ പഠന പരിസരം എന്നിവ ഉൾപ്പെടെ ഒമ്പത് പ്രധാന പ്രവർത്തന മേഖലകളും വ്യക്തമാക്കിയിട്ടുണ്ട്.


സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ട പതിനേഴ് കാര്യങ്ങളിൽ സ്കൂൾ പ്രവൃത്തി സമയത്ത് തടസ്സമില്ലാതെ ഇന്റർനെറ്റ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കുകയും, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നിർദേശം. സ്കൂളുകളിൽ സൈബർ സുരക്ഷാ സമിതി രൂപീകരിക്കുകയും സൈബർ സേഫ്റ്റി കോർഡിനേറ്ററെ ചുമതലപ്പെടുത്തുകയും വേണം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'പ്രൈവസി ബൈ ഡിസൈൻ' തത്വങ്ങൾ പാലിച്ച് ക്ലാസ് മുറികളിൽ സ്വകാര്യ സെർവറുകൾ ഉപയോഗിച്ചുള്ള തത്സമയ സിസിടിവി നിരീക്ഷണം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.


ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനായി വീട്ടിൽ ഓൺലൈൻ സൗകര്യം ആവശ്യമായ ഹോം അസൈൻമെന്റുകൾ നൽകരുതെന്നും ‘കീ ടു എൻട്രൻസ്’ പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിൽ സൗകര്യമൊരുക്കണമെന്നും അധ്യാപകർക്ക് നിർദേശമുണ്ട്. ക്ലാസ് സമയത്ത് പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് നേരിട്ട് ഉപയോഗിക്കരുതെന്നും വിദ്യാർത്ഥികളുടെ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്നു.


കുട്ടികൾ പാലിക്കേണ്ട ഇരുപത്തഞ്ച് നിർദേശങ്ങളിൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ സോഷ്യൽ ‌മീഡിയയിൽ പങ്കുവെയ്ക്കാതിരിക്കുക, ഓൺലൈൻ ഗെയിമുകളിൽ കാമറ പെർമിഷൻ അല്ലെങ്കിൽ ലൈവ് ചാറ്റ് ഒഴിവാക്കുക തുടങ്ങിയവ ഉൾപ്പെടുന്നു. എഐ വഴി ലഭിക്കുന്ന വിവരങ്ങളിലെ പക്ഷപാതം തിരിച്ചറിയണമെന്നും പഠനപ്രവർത്തനങ്ങളിൽ കൃത്രിമം കാണിക്കാൻ എഐ ഉപയോഗിക്കരുതെന്നും പ്രോട്ടോക്കോൾ ഓർമ്മിപ്പിക്കുന്നു. എഐയെ മാത്രം ആശ്രയിക്കാതെ സ്വന്തമായി ചിന്തിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ കുട്ടികൾ ശ്രദ്ധിക്കണം.


രക്ഷിതാക്കൾക്ക് നൽകിയ പതിനാറ് നിർദേശങ്ങളിൽ കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രണം, ഡിജിറ്റൽ ഫൂട്ട് പ്രിന്റിന്റെ പ്രത്യാഘാതങ്ങൾ, ബ്രൗസിംഗ് ഹിസ്റ്ററി പരിശോധന, ഫാമിലി ലിങ്ക് പോലുള്ള സംവിധാനങ്ങളുടെ ഉപയോഗം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൈറ്റ് സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ-എഐ സാക്ഷരതാ പരിപാടികളിൽ രക്ഷിതാക്കൾക്ക് പങ്കെടുക്കാവുന്നതാണ്. ഐടി ആക്ട്, ഡേറ്റാ സംരക്ഷണ നിയമം, പോക്സോ ആക്ട് എന്നിവയിൽ കുട്ടികൾക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥകൾക്ക് പുറമെ ഏറ്റവും പുതിയ എഐ (സിന്തറ്റിക്) ഉള്ളടക്ക നിയന്ത്രണം ഉൾപ്പെടുന്ന ഐടി ചട്ട ഭേദഗതി 2026 വരെ വിശദീകരിച്ചിട്ടുണ്ട്.


ടു-ഫാക്ടർ ഓതന്റിക്കേഷൻ, സുരക്ഷിതമായ ഡൗൺലോഡ് തുടങ്ങി പതിനൊന്ന് പൊതുനിർദ്ദേശങ്ങളും പരാതിപ്പെടാനുള്ള വിവിധ ഘട്ടങ്ങളും, ഡീപ്‌ഫെയ്ക്, എഐ ഗ്രൂമിംഗ്, ഡിജിറ്റൽ അറസ്റ്റ് തുടങ്ങി ഇരുപത് പ്രധാന സൈബർ കുറ്റകൃത്യങ്ങളെയും അവയ്‌ക്കെതിരായ വകുപ്പും മുൻകരുതലുകളുമൊടൊപ്പം വിശദീകരിക്കുന്നു.


സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളാണ് പ്രോട്ടോക്കോളിലുള്ളതെന്നും ആറുലക്ഷം രക്ഷിതാക്കൾക്ക് നൽകുന്ന ‘സർവ്വം എഐ മയം’ പരിശീലനത്തിന്റെ കൂടി തുടർച്ചയായി അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്നും കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.


സൈബർ സേഫ്റ്റി പ്രോട്ടോക്കോളിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ www.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home