തദ്ദേശമന്ത്രിയെ അവഗണിച്ച് മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടാണ് നിയമനനീക്കം
കിലയിൽ കോൺഗ്രസ് നേതാവിന് അനധികൃത നിയമനം നൽകാൻ മുഖ്യമന്ത്രി; ലീഗിന് കടുത്ത എതിർപ്പ്

വി ഡി സതീശൻ
തൃശൂർ: തദ്ദേശവകുപ്പിന് കീഴിലുള്ള കിലയിൽ കോൺഗ്രസ് നേതാവിന് അനധികൃത നിയമനം നൽകാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 70 ആക്കി ഉയർത്തി. കിലയിൽനിന്ന് വിരമിച്ച അസി. പ്രൊഫസറും കോൺഗ്രസ് അനുകൂല സംഘടന ഉപദേഷ്ടാവുമായിരുന്ന ജെ ബി രാജനെ നിയമിക്കാനാണ് ശ്രമം. നിയമാവലി ഭേദഗതിചെയ്ത് അംഗീകാരത്തിനായി സർക്കാരിലേക്ക് അയച്ചു. വകുപ്പ് മന്ത്രി കെ എം ഷാജിയെ മറികടന്നുള്ള മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നീക്കത്തിൽ മുസ്ലിംലീഗിൽ കടുത്ത എതിർപ്പുണ്ട്.
നേരത്തെ ഡോ.ജോയ് ഇളമണിന് അറുപത് വയസ് തികഞ്ഞപ്പോൾ, പുതിയ ഡയറക്ടർ വരുന്നതുവരെ താൽക്കാലിക ചുമതല നൽകിയിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ച കോൺഗ്രസാണ്, ഇപ്പോൾ തങ്ങളുടെ ഇഷ്ടക്കാരനെ നിയമിക്കാൻ നിയമം ഭേദഗതി ചെയ്തത്.
ജനറൽ കൗൺസിൽ അംഗങ്ങളായ കെ രാധാകൃഷ്ണൻ എംപിയും സേവ്യർ ചിറ്റിലപ്പള്ളിഎംഎൽഎയും ഭേദഗതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. കില ബൈലോയും എച്ച്ആർ പോളിസിയും അനുസരിച്ച് ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 ആണ്.
തദ്ദേശ മന്ത്രി കെ എം ഷാജിക്ക് നിയമനത്തോട് താൽപര്യമില്ല. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ലീഗ് നേതാക്കളെ പുറത്താക്കുന്നതിൽ ജെ ബി രാജൻ മുഖ്യ പങ്കുവഹിച്ചിരുന്നു.
ജോയ് ഇളമണിന് താൽക്കാലിക ചുമതല നൽകിയപ്പോൾ പരാതിയുമായി രംഗത്ത് വന്നയാളാണ് ജെ ബി രാജൻ. എംപിയായിരുന്ന രമ്യ ഹരിദാസിന്റെ പേരിൽ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നിലും ഇദ്ദേഹമായിരുന്നു. അനുകൂലവിധിയും നേടി. പ്രായം 70 ആക്കിയുള്ള നിയമഭേദഗതി ഇൗ വിധിക്കെതിരാണ്.









0 comments