കഥ
പെട്രോ കുലാവി

ഷാഹുല്ഹമീദ് കെ ടി
Published on Oct 16, 2026, 01:14 PM | 8 min read
സ്കൂൾവിട്ട് കൂട്ടുകാർക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ, ഊടുവഴിയുടെ കയറ്റത്തിൽ വച്ചാണ് ശർക്കര കുറുക്കുന്ന മണം അവന്റെ കൂടെ കൂടുന്നത്. വൈകുന്നേരം പന്തുകളിക്കാൻ പുഴയിലേക്കു വരാമെന്നുപറഞ്ഞ് കൂട്ടുകാർ ഓരോരോ വഴിയിലേക്കു തിരിയുമ്പോഴും മണം വിട്ടൊഴിയാതെ ചുറ്റുമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ശർക്കരമണം ചായിപ്പിൽനിന്നാണ് വരുന്നതെന്നറിയുന്നത്.
ചായക്കടകളിലേക്ക് എണ്ണക്കടികളുണ്ടാക്കിക്കൊടുക്കുന്ന ഉപ്പ, ഇന്ന് ചായ്പ്പിൽ മറ്റെന്തോ ഉണ്ടാക്കുന്നത് അവൻ കണ്ടു. വല്യുമ്മ ശർക്കരപ്പാവും പൊടികളും വലിയ അലുമിനിയക്കലത്തിലേക്കിട്ട് ഇളക്കി,അതുണ്ടാക്കുന്നത് ഉപ്പാക്ക് പറഞ്ഞുകൊടുക്കുമ്പോഴാണ്, അടുക്കളയിൽനിന്ന് ചിരവിയ തേങ്ങയുമായി ഉമ്മ വരുന്നത്. ഉമ്മ അവനെ കാണുകയും ചെയ്തു. ‘‘ഇതാ, ബസി വന്നുക്കുണു.’’ ഉമ്മ ചിരിയോടെ പറഞ്ഞു. ‘‘ഇജ്ജ്ന്ന് മൊതല് ഇപ്പാന്റെ ഒപ്പം കുലാവി കൊട്ക്കാം പോണം, ബസീറേ...’’
‘‘വല്ലിമ്മാ, അതിനാരാ മരിച്ചത്?’’ ‘‘മരിച്ചോട്ത്ത് കുലാവി കൊട്ക്കാനല്ല, പോത്തേ. പന്ത്കളിച്ച്ണ മൈതാനത്ത് വുക്കാനാ ടാ...’’ ചിരവിയ തേങ്ങ കലത്തിലേക്കിടുമ്പോൾ ഉപ്പ പറഞ്ഞു.
ചിത്രീകരണം: കെ സുധീഷ്
‘‘ലവക്കുട്ട്യേ, നല്ലോണം എളക്കെടാ. അടീപുടിച്ചും.’’ വല്യുമ്മ ഉപ്പന്റെ പുറത്തടിച്ചു. ‘‘അങ്ങാടീലെ മൈതാനത്ത് ബല്യേ ബൾബും കത്തിച്ച് പന്ത്കളി നടക്ക്ണ് ണ്ട്, ബസ്യേ...’’ ഉമ്മ അവനെ ചേർത്തുപിടിച്ചു പറഞ്ഞു. അനിയത്തിമാർ ഗ്ലാസുമായി വന്നു, വല്യുമ്മ ചിരട്ടക്കയിലുകൊണ്ടിളക്കി കുലാവി അവരുടെ ഗ്ലാസുകളിലേക്കൊഴിച്ചുകൊടുത്തു. ‘‘അപ്പൊ, എന്നും എണ്ണക്കടിണ്ടാക്കല്..?’’ അവൻ ചോദിച്ചു. ‘‘അതയിന് മൂന്നുമണിക്ക് കയ്യൂലേ. പിന്നെ, കുലാവിണ്ടാക്കി, രാത്രി മൈതാനത്തെത്ത്യാ നല്ലോം കച്ചോടം കിട്ടും. നോമ്പും പെര്ന്നാളും വരാൻപോവല്ലേ, ബസ്യേ. ഞമ്മക്ക് *കായി വേണ്ടടാ..?’’ വല്യുമ്മ അവനും ഒരു ഗ്ലാസ് കുലാവി കൊടുത്തു.
‘‘വല്ലിമ്മാ,അപ്പൊ വൈന്നരം ഇനിക്ക് പന്ത്കളിച്ചാം പോേണ്ട?’’’
‘‘ഇജ്ജ്പ്പൊ പന്ത്കളിച്ച് നെയ്മറാവാൻ പോവല്ലേ! ചെലക്കാണ്ട് സൈക്ക്ള്ട് ത്ത് വാടാ.’’ അടുപ്പത്തുനിന്ന് കുലാവിക്കലം ഇറക്കി വെക്കുമ്പോൾ ഉപ്പ അവനോടൊച്ചവെച്ചു.
തെങ്ങിൻചുവട്ടിൽ ചാരിവെച്ച സൈക്കിളിനരികിലേക്ക് അവൻ നടന്നു. ഉപ്പ വലിയ സ്റ്റീൽപാത്രത്തിലേക്ക് കുലാവി കോരിയൊഴിച്ചുകൊണ്ടിരുന്നു. അവൻ പിണഞ്ഞു കിടക്കുന്ന സൈക്കിളിന്റെ ചങ്ങല ശരിയാക്കി, കൈകൊണ്ട് പെഡൽതിരിച്ച് ചക്രം കറ ക്കി, മുന്നോട്ടുതള്ളി. സ്റ്റീൽപാത്രത്തിന്റെ ചെറിയവാവട്ടം അടപ്പുകൊണ്ട് മുറുക്കിയടച്ച് സൈക്കിളിന്റെ കാരിയറിലേക്കത് ഉപ്പയും ഉമ്മയും കയറ്റിവെച്ചു, പാത്രം വീഴാതിരിക്കാൻ അവര് കയറുകൊണ്ടു ചുറ്റിക്കെട്ടി. ‘‘ലവക്കുട്ട്യേ, ചൂടാറിയാ കുലാവി ആരും കുടിച്ചൂലട്ടോ...!’’ ‘‘ഇല്ലമ്മാ. ഈ സ്റ്റീൽപാത്രത്തില് ചൂടാറൂല, അതിനല്ലേ ഞാന് ത് വാടകക്ക്ട്ത്തെ. ഇതിന് മൂവ്വായിരൊ നാലായിരൊ വെലവരും, ഇമ്മാ.’’ ഉപ്പ സൈക്കിൾ തള്ളുന്നതിനിടയിൽ വല്യുമ്മയോട് പറഞ്ഞു. പുഴയിലെ കൊറ്റിപ്പുല്ലുകൾ കാറ്റിലുലഞ്ഞു.
അവൻ ഉപ്പയുടെ പിറകെ നടക്കുമ്പോൾ മരങ്ങൾക്കുള്ളിലൂടെ തീവണ്ടി പോവുന്ന ശബ്ദവും പുകയും മാനത്തേക്കുയർന്നു. ‘‘അത് ഷൊർണ്ണൂര് വണ്ടിയാ. ഇപ്പാ, ഞമ്മളെപ്പെളാ പൊരേ ക്ക് തിര്ച്ച് വെര്വാ?’’
‘‘പയിനൊന്ന് കയീം, ബസ്യേ...’’
"കൊല്ലപ്പരീക്ഷ വരാംപോവ്വാ .അട്ത്തകൊല്ലം പത്താംക്ലാസ്ക് ഞാൻ ജയിച്ചുല്ലേ..?’’ ‘‘ഇജ്ജ്പ്പൊ പഠിച്ച് കലക്ടറാവാം പോവല്ലേ. സൈക്കിളുന്തെടാ.’’ അവർ പുഴയിലെ മണലിലൂടെപോവുമ്പോൾ, കുട്ടികൾ പു ഴയിൽ പന്തുകളിക്കുന്നുണ്ടായിരുന്നു. അവരെല്ലാം അവനെ പന്തുകളിക്കാൻ വിളിക്കുന്നുണ്ട്. *സാമ്പ്രിയുടെ ഓടുകളില്നിന്ന് കൊറ്റികള് കൂട്ടത്തോടെ പറന്നുയര്ന്നു.
രണ്ട്
നീർപ്പക്ഷികൾ മുളങ്കാടുകളിലേക്ക് ചേക്കേറുന്ന സായാഹ്നത്തിൽ അവർ സൈക്കിളും തള്ളി പുഴയിലൂടെ പന്തുകളിമൈതാനത്തേക്കു പോയി. ആളുകൾ മൈതാനത്തേക്ക് കയറിപ്പോകുന്ന കവാടത്തിനരികിലാണ് അവരുടെ കച്ചവടം. ടിക്കറ്റെടുത്ത് ഗാലറികളിലേക്കു പോവുന്നവരെ നോക്കി അവൻ, ‘‘കുലാവീ.. ചൂടുള്ള കുലാവീ...’’ എന്നു വിളിച്ചുപറഞ്ഞു. ഉച്ചഭാഷിണിയിലൂടെ സിനിമാഗാനങ്ങളും പരസ്യങ്ങളും അറിയിപ്പുകളും മാറിമാറിവന്നുകൊണ്ടിരുന്നു. രാത്രിയിൽ, കുറുക്കന്മാർ ഓരിയിടുന്ന പുഴപ്പരപ്പിലൂടെ സൈക്കിളിലെ ഒഴിഞ്ഞ കുലാവിപ്പാത്രവുമായി വീട്ടിലേക്കു മടങ്ങി.
ഉപ്പ പൈസ വാങ്ങുകയും ബാക്കി കൊടുക്കുകയും ചെയ്യുമ്പോൾ അവൻ പേപ്പർ ഗ്ലാസുക ളിലേക്ക് കുലാവി കോരിയൊഴിച്ച് ആളുകൾക്കു കൊടുക്കും. ആളുകളെല്ലാം മൈതാനത്തേക്കു കയറി, കവാടവാതിൽ അടഞ്ഞാൽ സിനിമാഗാനം നിലയ്ക്കുകയും കളിക്കാരെ പരിചയപ്പെടുത്താൻ തുടങ്ങുകയും ചെയ്യും. പിന്നീട്, ദേശീയഗാനമുയരുന്നതോടെ അവനും ഉപ്പയും സൈക്കളിനരികിൽ അനക്കമറ്റുനിൽക്കും. വിസിൽ മുഴങ്ങുന്നതോടെ പന്തിന്റെ ഇരമ്പങ്ങളും കാണികളുടെ ആർപ്പുവിളികളും ബൂട്ട്സുകളുടെ ശബ്ദങ്ങളുമുയരും. മൈതാനക്കാഴ്ചകൾ മറച്ച തകരഷീറ്റുകൾക്കുവിടവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി അവൻ കളികാണും.
അന്ന്, ഇരുടീമുകളുടെയും വേഗതയാർന്ന പോരാട്ടത്തിനിടയിൽ കാണികളൊന്നാകെ ആവേശത്താൽ, "പെട്രോ... പെട്രോ...’ എന്നലറിവിളിക്കുന്നതവൻ കേട്ടു. ചടുലമായ മുന്നേറ്റങ്ങളുമായി ഇരുടീമുകളും ഗോൾപോസ്റ്റുകളിലേക്ക് മാറിമാറി ഇരച്ചുകയറുമ്പോൾ, ഗാലറികളിൽനിന്ന് ബാൻഡുവാദ്യങ്ങളുയരുമ്പോൾ, തകരഷീറ്റുകൾക്കിടയിലൂടെ കളി വ്യക്തമായി കാണാനാവാതെ അവൻ അടുത്തുള്ള ചീനിമരത്തിലേക്കോടിക്കയറി. അതിന്റെ ചാഞ്ഞ ശാഖയിലൂടെ നടന്നുനടന്ന് ഗാലറിയുടെ മുകൾനിലയ്ക്കരികിലെത്തി.
ചിത്രീകരണം: കെ സുധീഷ്
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന്, എതിർടീംമംഗങ്ങളെ ഒന്നൊന്നായി കബളിപ്പിച്ച് പന്തുമായി മുന്നേറുന്ന ആഫ്രിക്കൻ കളിക്കാരനെ നോക്കി അവൻ മരക്കൊമ്പിലിരിക്കു മ്പോൾ ഗാലറിയിലെ കുഴൽവിളിക്കുന്ന കുട്ടികൾ "പെട്രോ..!പെട്രോ..!’ എന്നാർത്തുവിളിച്ചു. അവൻ ഇതുവരെ കാണാത്ത കളിയഭ്യാസങ്ങളും പന്തടക്കങ്ങളും മെയ്വഴക്കങ്ങളുമായി പെട്രോ കളിക്കളത്തെ കോരിത്തരിപ്പിച്ചുകൊണ്ടിരുന്നു. ദൂരെനിന്നുള്ള, തുളച്ചുകയറുന്ന രണ്ടു ഷോട്ടുകൾ ഏറെ പണിപ്പെട്ട് ഗോളി തട്ടിയപ്പോൾ ഗാലറിയിൽനിന്ന് ബാൻഡ്മേളങ്ങൾക്കൊപ്പം "ഗോൾ...!’ എന്ന ശബ്ദം മാറ്റൊലികൊണ്ടു. ഒടുവിൽ,കരണംമറിഞ്ഞുകൊണ്ടുള്ള പെട്രോയുടെ അടി പന്തിനെ ഗോൾവലയ്ക്കുള്ളിലാക്കിയപ്പോൾ ഗാലറിയിൽനിന്ന് പടക്കങ്ങൾ പൊട്ടിച്ചിതറി, ചീനിമരത്തിന്റെ കൊമ്പുകളുലച്ച് അവൻ "ഗോൾ...!’ എന്നു വിളിച്ചുപറഞ്ഞു. റഫറി ഹാഫ്ടൈം വിസിൽമുഴക്കി പന്തുമായി മൈതാനത്തുനിന്നു നടന്നു.
‘‘ഇരുടീമുകളും സമനിലയിൽ പിരിയുമ്പോൾ, ഹാഫ്ടൈമിനുശേഷം പെട്രോയുടേയും സന്തോഷ് ട്രോഫി താരം മുസ്തഫയുടേയും കൊമ്പുകോർക്കൽ കാണാനായി കാത്തിരിക്കുന്ന മാന്യ ഫുട്ബോൾ പ്രേമികളെ... നിങ്ങളുടെ സഹായം അഭ്യർഥിച്ചുകൊണ്ട് ക്ലബ് പ്രവർത്തകർ ഗാലറികളിലേക്ക് എത്തുകയാണ്. ബ്രസ്റ്റ് കാൻസർ സർജറികഴിഞ്ഞ അനിത എന്ന യുവതിയുടെ കുടുംബത്തെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി സഹകരിക്കുക.’’ അറിയിപ്പുകഴിഞ്ഞയുടനെ സിനിമാഗാനം വീണ്ടുമുയർന്നു. പ്ലാസ്റ്റിക് ബക്കറ്റുമായി ആളുകൾ ഗാലറികളിലേക്ക് കയറിവന്നു. മരക്കൊമ്പിലിരിക്കുന്ന അവൻ പോക്കറ്റ് തപ്പിനോക്കി. പത്തുരൂപ നാണയം കിട്ടി. ഗാലറിയുടെ മുകൾനിലയിലൂടെ പണപ്പിരിവുനടത്തിപ്പോവുന്ന ആളെ വിളിച്ചു. ബക്കറ്റിലേക്ക് അവൻ നാണയം ഇട്ടുകൊടുത്തു.
‘‘പൊര്യേ.. പൊര്യേ.. ചോളോപ്പൊര്യേ...’’ വൃദ്ധൻ ചാക്ക് തോളിലിട്ട് ചോളപ്പൊരി വിറ്റ് മൈതാനത്തിനുള്ളിലൂടെ നടക്കുന്നു. ഗാലറിയുടെ മുകളിലുള്ളവർ ആവശ്യപ്പെടുമ്പോൾ അയാൾ ചോളപ്പൊരി പാക്കറ്റ് എറിഞ്ഞുകൊടുത്ത്, പൈസവാങ്ങുന്നു. വ്യായാമം ചെയ്തുകൊണ്ട്, സോഡ തലയിലൂടെ ഒഴിച്ച് മൈതാനത്തേക്കു വരുന്ന പെട്രോയെ അവൻ മര ക്കൊമ്പിലിരുന്ന് ശ്രദ്ധിച്ചു. ബക്കറ്റ് പിരിവ് നടത്തിപ്പോവുന്ന ആളെ അരികിലേക്കുവിളിച്ച് പെട്രോ പോക്കറ്റിൽനിന്നെടുത്ത പൈസ കൊടുക്കുന്നത് അവൻ കണ്ടു. കളിക്കാർ ഒന്നൊന്നായി മൈതാനത്തേക്കു വന്നുകൊണ്ടിരുന്നു.
‘‘ജോസച്ചായ, ഈ പെട്രോ ഏത് രാജ്യക്കാരനാ..?’’ ‘‘ഓന് സുഡാനിയാ, മജ്യേ...’’
‘‘ങ്ങളൊന്ന് പോയ്ക്കാണീം അച്ചായാ. ഇബ്ട്ത്താര്ക്ക് എല്ലാ വിദേസകളിക്കാരും സുഡാനിയാ..! ഇന്നാലെ അങ്ങനല്ല, ഈ കളിക്കാരൊക്കെ വര്ണത് പല പല രാജ്യത്ത്ന്നാ.’’ ‘‘സുരേട്ടാ, അപ്പൊ, പെട്രോ ഏത് രാജ്യക്കാരാനാ..?’’ അവൻ ചോദിച്ചു. എല്ലാവരും ശബ്ദം കേട്ട് ഗാലറിയുടെ പിറകിലെ ചീനിമരത്തിലേക്കു തിരിഞ്ഞു.
‘‘എടാ കുരിപ്പെ, ആ മരക്കൊമ്പ് പൊട്ടിച്ചാടും.’’ ‘‘ഇല്ല അബ്ബാസ്ക. ഈ കൊമ്പിന് നല്ല കാതല്ണ്ട്. പെട്രോ ഏത് രാജ്യക്കാരനാ, സുരേട്ടാ?’’
‘‘പെട്രോ ദക്ഷിണാഫ്രിക്കക്കാരനാടാ. ഓനെക്കുറിച്ച് പേപ്പറിലൊര് വാർത്തണ്ടായിനു... ഞാനത് വായിച്ചീനു.’’ റഫറി പന്തുമായി നടന്നുവരുന്നത് അവർ കണ്ടു. സിനിമാഗാനം നിലച്ചു.കളിക്കാരെല്ലാം അതത് സ്ഥാനങ്ങളിൽ നിരന്നു. ഗോളികൾ ഗോൾവലകൾക്കുള്ളിൽ ശ്രദ്ധയോടെ നിന്നു. ഗാലറികൾ നിശ്ശബ്ദമായി.
‘‘ഹലോ...’’ പെട്ടെന്ന് ഉച്ചഭാഷിണിയിലൂടെ ശബ്ദമുയർന്നു. എല്ലാവരുമതു കാതോർത്തു. ‘‘ഹലോ... മാന്യ ഫുട്ബോൾപ്രേമികളെ,അൽപ്പസമയംമുമ്പ് അനിത എന്ന യുവതിയുടെ കുടുംബത്തിനുവേണ്ടി സഹായം അഭ്യർഥിച്ചുകൊണ്ട് ക്ലബ് പ്രവർത്തകർ നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. നിങ്ങളെല്ലാംതന്ന സംഭാവന എത്രയാണെന്ന് ഇവിടെ പ്രഖ്യാപിക്കുകയാണ്. ഈ ഫുട്ബോൾ മൈതാനത്തുനിന്ന് നമ്മൾ പിരിച്ചെടുത്തത് നാൽപ്പത്തിഅയ്യായിയിരത്തി എണ്ണൂറ് രൂപയാണ്..!’’
ഗോൾ പിറന്നപോലെ ഗാലറികളിൽനിന്നെല്ലാം ആർപ്പുവിളികളുയരുമ്പോൾ അവൻ വായിൽവിരൽകടത്തി ചൂളമടിച്ചു, മരച്ചില്ലയുലച്ചു. ആ സമയം നിലാവിനെനോക്കി പെട്രോ കൈകളുയർത്തി കൊട്ടുന്നതും ഉടൽ പിടപ്പിക്കുന്നതും അവൻ കണ്ടു.
മൂന്ന്
രാത്രി വീട്ടിലെത്തിയ അവൻ,വെള്ളംകോരിയെടുത്ത് കിണറ്റിൻകരയിൽനിന്ന് കുളിച്ചു. ഉപ്പ കുലാവിപ്പാത്രം കഴുകി വൃത്തിയാക്കി. ഉമ്മ വിളമ്പിത്തന്ന ഭക്ഷണംകഴിച്ച് അവൻ പഠിക്കാനിരുന്നു.വല്യുമ്മയും അനിയത്തിമാരും അകത്തെ മുറിയിൽ ഉറങ്ങുന്നു. രണ്ടുമണിയുടെ ശബ്ദം ക്ലോക്കിൽനിന്നുയരുമ്പോൾ അവന്റെ കണ്ണുകളിൽ ഉറക്കം കൂടുകെട്ടാൻ തുടങ്ങുന്നുണ്ടായിരുന്നു. എഴുന്നേറ്റ്, പാഠപുസ്തകങ്ങൾ മരറാക്കിലേക്കു വെക്കുമ്പോൾ പഴയൊരു പുസ്തകം കൈയിൽ തടഞ്ഞു. ഗാന്ധിജിയുടെ ജീവിതകഥയായിരുന്നു, അത്. താളുകൾ മറിക്കുമ്പോൾ ദക്ഷിണാഫ്രിക്ക എന്നെഴുതിയത് കണ്ടു. അവൻ പായയിൽ കിടന്ന് ഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതത്തിലൂടെ കടന്നുപോയി. ഉറക്കം വീണ്ടുമവനെ വരുതിയിലാക്കാൻ വന്നെത്തുന്നുമുണ്ടായിരുന്നു.
തീവണ്ടി ചൂളംവിളിച്ച്, പുക ചീറ്റിക്കൊണ്ട് പാളത്തിലൂടെപായുന്നു. വണ്ടിക്കകത്തെ ബ്രിട്ടീഷുകാർ ഗാന്ധിജിയെ മർദിക്കുന്നുണ്ട്. സീറ്റുകൾക്കിടയിലേക്കുവീണ ഗാന്ധിയെ അവർ വാതിൽക്കലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. തീവണ്ടി ഏതോ സ്റ്റേഷനിൽ നിന്നപ്പോൾ ബ്രിട്ടീഷുകാർ ഗാന്ധിജിയെ പ്ലാറ്റ്ഫോമിലേക്കു തള്ളിയിട്ടു. വിജനമായ റെയിൽവേ സ്റ്റേഷനിൽ എഴുന്നേൽക്കാനാവാതെ പിടയുമ്പോൾ തീവണ്ടി ചൂളംവിളിച്ചു പോയി. ആരോ ഒരാൾ അരികിലേക്ക് ഓടിവരുന്നു. അയാൾ കൈയിലെ ഫുട്ബോൾ നിലത്തുവെച്ച് ഗാന്ധിജിയെ എഴുന്നേൽപ്പിച്ച്, ചാരുബെഞ്ചിലിരുത്തി, മുഖത്തെ ചോരയൊപ്പിക്കൊടുത്തു.
‘‘നിങ്ങളുടെ പേരെന്താണ്..?’’ ഗാന്ധി ചോദിച്ചു. ‘‘പെട്രോ.’’ പെട്രോയുടെ കറുത്തമുഖം തെരുവുവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങി. കാലുകൊണ്ട് അയാൾ പന്ത് കൈകളിലേക്കു കോരിയിട്ടപ്പോൾ "പെട്രോ... പെട്രോ...’ എന്നുവിളിച്ച് അവൻ സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നു. കിതപ്പോടെ, ചിരിക്കുന്ന അവൻ പുറത്തുനിന്നൊരു കരച്ചിൽ കേട്ടു...!
ജനാലകൾ തുറന്നു. പൂമുഖത്തുനിന്നാണ് കരച്ചിൽ കേൾക്കുന്നത്. വിദൂരങ്ങളിൽനിന്ന് തീവണ്ടിയുടെ ചൂളംവിളിയുയരുന്നു. അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. മുറ്റത്തേക്കിറങ്ങുന്ന പടിയിൽ ചാരിയിരുന്ന് വല്യുമ്മ തസ്ബീഹ് മാലയുംപിടിച്ച് തേങ്ങുന്നു. അവൻ വല്യുമ്മയുടെ അരികിലെത്തി. ‘‘ബസ്യേ...! എടാ, വെള്ളക്കാരെ തീവണ്ടിയതാ വര്ണെടാ...!’’ ‘‘വല്ലിമ്മാ, അത് രാജറാണിയാ. തിര്വന്തര്ത്ത്ന്ന് വര്ണ വണ്ടി.’’ ‘‘അല്ലെടാ..! വെള്ളക്കാര്ക്ക് എതിര്പറഞ്ഞതിന് ന്റെ വാപ്പാനേം കൂട്ടരേം കേറ്റിക്കൊണ്ടുപോയ തീവണ്ടിയാടാ, ആ പാഞ്ഞ് വെര്ണെ..! ന്റെ വാപ്പേം കൂട്ടരും *ചാതം കിട്ടാതെ അയിന്റുള്ളീകെടന്ന്..! ബസ്യേ...!’’ അവൻ വല്യുമ്മയെ ചേർത്തുപിടിച്ചു, മടിയിൽ കിടത്തി, ഉറങ്ങാൻ പറഞ്ഞു. വല്യുമ്മ തേങ്ങിത്തേങ്ങി ഉറങ്ങുമ്പോൾ പുഴക്കരയിലെ സാമ്പ്രിയിൽനിന്ന് സുബഹിവാങ്ക് വിളിയുയർന്നു.
ചിത്രീകരണം: കെ സുധീഷ്
നാല്
സെമിഫൈനൽ മത്സരം കാണാൻ ആൾക്കൂട്ടം മൈതാനത്തേക്കെത്തിക്കൊണ്ടിരുന്നു. ടിക്കറ്റെടുത്ത് ഗാലറിയിലേക്കുപോവുന്നവർ പലരും കുലാവി വാങ്ങി. ഇരുടീമുകളും ജേഴ്സിയണിഞ്ഞ് മൈതാനത്തേക്കു പോവുമ്പോൾ അവൻ പെട്രോയെന്ന് ഉച്ചത്തിൽ വിളിച്ച് കൈവീശിക്കാണിച്ചു. കവാടവാതിലടഞ്ഞതോടൊപ്പം അവരുടെ പാത്രത്തിലെ കുലാവിയും തീർന്നു.
ഉപ്പ ചുണ്ടിലെരിയുന്ന ബീഡി നിലത്തുരച്ച് ചെവിക്കിടയിൽ തിരുകിവെച്ചു, സൈക്കിളിനരികിലിരുന്ന് ട്രൗസറിനുള്ളിലെ നോട്ടുകളെല്ലാം നിലത്തേക്കിട്ട് എണ്ണാന് തുടങ്ങി. അവൻ ചീനിമരത്തിലേക്കോടിക്കയറി. മൈതാനത്തുനിന്ന് ദേശീയഗാനം ഉയർന്നതോടെ അവൻ ചില്ലയിൽ പിടിച്ച് ശാഖയിൽ അനക്കമറ്റുനിന്നു, കാറ്റിൽ ചില്ലയുലയുമ്പോഴും ഇരുന്നതേയില്ല.
പെട്രോയുടെ കളിനീക്കങ്ങൾ ഗാലറികളെ ആവേശംകൊള്ളിച്ചു. എതിർടീമിലെ പ്രതിരോധകളിക്കാർ പെട്രോയുടെ മുന്നേറ്റങ്ങളെ തടയാൻ പാടുപെട്ടുകൊണ്ടിരുന്നു. എതിർ ടീമിന്റെ മുന്നേറ്റങ്ങളിൽ അവരുടെ ആരാധകർ നീലക്കൊടികൾ വീശി, കുഴൽവിളിച്ചു. വലതുകോർണറിൽനിന്നുള്ള പെട്രോയുടെ പിടപ്പൻനീക്കത്തെ തടയാനായി സ്റ്റോപ്പർബാക്ക് അയ്യൂബ് ചാടിവീണത് പെട്രോയുടെ കാലുകളിലേക്കാണ്. പെട്രോ ഗോൾവലയിലേക്കു മറിഞ്ഞുവീണു പിടയുമ്പോൾ ആൾക്കൂട്ടം ഗാലറിയിൽനിന്ന് പിടഞ്ഞെഴുന്നേറ്റു.
‘‘അയ്യൂബേ... ആ കളി ഇബടെ വേവൂലട്ടൊ.’’
‘‘തടി കേടാവും, നായേ...’’ അവൻ ശാഖയിൽനിന്ന് മരക്കൊമ്പ് പൊട്ടിച്ച് മൈതാനത്തേക്കു വീശിയെറിഞ്ഞു. ‘‘കള്ളബലാലേ, ഇജ്ജ് പൊരേക്ക് നടന്നുപോവൂലെട്ടൊ.’’ റഫറി ഫൗൾ അനുവദിക്കാത്തതിൽ ആൾക്കൂട്ടത്തിന്റെ അരിശം ഗാലറികളിൽനിന്ന് വീണ്ടുമുയർന്നു. പെട്രോയും ടീമംഗങ്ങളും റഫറിയെ വളഞ്ഞപ്പോൾ, എല്ലാവരും അതത് സ്ഥാനങ്ങളിലേക്ക് മടങ്ങാനായി റഫറി വിസിൽ വിളിച്ച്, കൈവീശി. വീണ്ടും കളിതുടങ്ങി.
ഹാഫ്ടൈമിനുശേഷം, പെട്രോയുടെ ഒറ്റയാൾമുന്നേറ്റത്തെ മറ്റുകളിക്കാർക്ക് തടയാനാവാത്തതിനാൽ അയാൾ പലപ്പോഴും പന്തുമായി ഗോൾമുഖത്തേക്ക് ഇരച്ചുകയറി. സ്റ്റോപ്പർബാക്കിനു മുഖാമുഖമെത്തിയ നിമിഷം പെട്രോ വെട്ടിച്ചുകടന്നുപോവുന്നതിനിടയിൽ സ്റ്റോപ്പർബാക്ക് പെട്രോയുടെ തുടയിൽ ആഞ്ഞുതൊഴിച്ചു, അയാൾ പൊടിമണ്ണിലേക്ക് വീണുപിടഞ്ഞു. അപ്പോഴേക്കും വടികളുമായി ആൾക്കൂട്ടം ഗാലറികളിൽനിന്ന് ചാടിയിറങ്ങിക്കഴിഞ്ഞിരുന്നു.
‘‘കൊല്ലടാ... അയ്യൂബിനെ.കൊല്ലടാ...’’
‘‘ഓനെ ബ്ടര്ത്, മക്കളെ...’’ മൈതാനത്തേക്ക് ആളുകൾ ഇരച്ചെത്തുമ്പോൾ പൊടിപടലങ്ങളുയർന്നു. പൊലീസുകാർ ലാത്തിയുമായി മൈതാനത്തേക്കിറങ്ങി. അവൻ ചീനിമരക്കൊമ്പിൽനിന്ന് ഗാലറിയിലേക്കു ചാടി. ഇരുടീമുകളുടേയും ആരാധകർ പരസ്പരം ഏറ്റുമുട്ടുമ്പോൾ തർക്കം തീർക്കാനായി ക്ലബ്ബംഗങ്ങളും ഓടിയെത്തി. ആ സമയം ആളുകൾക്കിടയിലൂടെ കുലാവിപ്പാത്രവുമായി ഒരാൾ ഓടുന്നത് അവൻ ഗാലറിയിൽനിന്നു കണ്ടു. ഉപ്പ അയാൾക്കു പിറകെ പായുമ്പോൾ അവൻ ആളുകളെ തള്ളിമാറ്റി മൈതാനത്തേക്കു ചാടി, പൊടിപടലങ്ങൾക്കുള്ളിലേക്കു കുതിച്ചു.
അഞ്ച്
പുലർകാലത്ത്, മൈതാനത്ത് ചിതറിക്കിടക്കുന്ന ചെരുപ്പുകൾക്കും കൊടികൾക്കും കല്ലുകൾക്കും വടികൾക്കുമിടയിലൂടെ ഉപ്പയും അവനും കുലാവിപ്പാത്രം തിരഞ്ഞുനടന്നു. കവാടവാതിൽക്കലും ക്ലബ്ബുകാരുടെ തകർക്കപ്പെട്ട മുറികൾക്കുള്ളിലും കയറിയിറങ്ങി. മൈതാനത്തിനു ചുറ്റുമുള്ള ഗാലറിയുടെ അടിയിലെ മുളങ്കാലുകൾക്കിടയിലൂടെയും അവർ നടന്നു. നിരാശയോടെ സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ മൈതാനത്തേക്കു സൂര്യവെളിച്ചം ചാഞ്ഞിറങ്ങുന്നുണ്ടായിരുന്നു.
വല്യുമ്മ വീട്ടുമുറ്റത്ത് ഇരിപ്പുണ്ടായിരുന്നു. അനിയത്തിമാർ സ്കൂളിലേക്കു പോവാൻ ഒരുങ്ങുകയാണ്, ഉമ്മ അവർക്കുള്ള ചോറ്റുപാത്രം ബാഗിലേക്കു വെച്ചുക്കൊടുക്കുന്നു. അനിയത്തിമാർ നടന്നുപോവുന്നതുനോക്കി മുള്ളുവേലിക്കരികിൽ നിൽക്കുന്ന വല്യുമ്മ അവനും ഉപ്പയും സൈക്കിളിൽ വരുന്നതു കണ്ടു.
‘‘ലവക്കുട്ട്യേ, കിട്ട്യോ..?’’ ‘‘ഇല്ലുമ്മ. മൂവ്വായിരുറുപ്പ്യ വര്ണ സാധനാ. എബടെ തെരയും മമ്പ്രത്തെത്തങ്ങളെ...’’ ഉപ്പ സൈക്കിൾ മുള്ളുവേലിയിലേക്കു ചാരിവെച്ചു. ‘‘*കച്ചേരിപോയി ഏമാനെക്കണ്ട് പറഞ്ഞാലോ, ലവക്കുട്ട്യേ?’’ ഉപ്പ വല്യുമ്മയെ നോക്കുകയല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല. തിണ്ടത്തിരുന്ന്, ചെവിക്കിടയിൽവെച്ച ബീഡിക്കുറ്റിയെടുത്ത് തീകൊളുത്തി. ഉമ്മ ചായയുമായി വന്നു. ചായകുടിച്ചും ബീഡിവലിച്ചും ഉപ്പ യെന്തോ ആലോചിച്ചു. അവൻ അയലിൽകിടക്കുന്ന തോർത്തെടുത്തു നടക്കുമ്പോൾ ഉപ്പ എഴുന്നേറ്റു. മുള്ളുവേലിയിൽചാരിവെച്ച സൈക്കിളെടുത്തു തിരിച്ചു.
‘‘ഇജ്ജെങ്ങെട്ടാടാ..?’’ ഉപ്പ അവനോടു ചോദിച്ചു.
‘‘പൊയീക്ക് കുളിച്ചാൻ.’’ ‘‘സാധനംപോയിട്ട് ഇജ്ജ് കുളിച്ച് *സുജായിയായി നടക്കാംപോവാടാ. വാടാ, ന്റെഒപ്പം.’’ ഉപ്പ സൈക്കിൾ ചവിട്ടി. അവൻ തോർത്ത് അരയിൽ ചുറ്റി, പിറകെ ഓടി. തീവണ്ടി പുഴക്കരയിലൂടെ ചൂളംവിളിച്ചുപോവുന്ന ശബ്ദം മാറ്റൊലികൊള്ളുന്നു.
പൊലീസ് സ്റ്റേഷനുമുമ്പിൽ ആൾക്കൂട്ടമുണ്ടായിരുന്നു. പന്തുകളിസംഘങ്ങളായിരുന്നു, അത്. ഉപ്പയും അവനും സൈക്കിളിൽനിന്നിറങ്ങി, ആൾക്കൂട്ടത്തിനുള്ളിലൂടെ സ്റ്റേഷനകത്തേക്കു കയറി. പൊലീസുകാർ പരാതികൾ പരിശോധിച്ചുകൊണ്ട് മേശക്കു ചുറ്റുമിരിപ്പുണ്ടായിരുന്നു. ലോക്കപ്പിനരികിലെ മൂലയിൽ മണ്ണുപുരണ്ട കുലാവിപ്പാത്രം അവൻ കണ്ടു. ഉപ്പയ്ക്കത് കാണിച്ചുകൊടുത്തു. എസ്ഐയെ കാണാൻ വന്നവർ പുറത്തേക്കിറങ്ങിയയുടനെ ഉപ്പ അകത്തേക്കു കയറി. അരവാതിലിനരികിൽ നിൽക്കുന്ന അവൻ എസ്ഐ പറയുന്നതെല്ലാം ശ്രദ്ധിച്ചു. ‘‘ആ പാത്രംകൊണ്ട് സുഡാനിന്റെ തലയ്ക്കടിച്ചത് നീയാണോടാ..?’’
‘‘ഇനിക്കീ സുഡാനിനീം അറീല കളിക്കാരീം അറീല, സാറേ. മക്കളെ പൊലത്താനായി അരിവാങ്ങാൻ, ഒര് കച്ചോടത്തിനെറങ്ങ്യേതാ..!’’
‘‘ലവക്കുട്ട്യേ, ആരാടാ വാതിൽക്കല്...?’’
‘‘ന്റെ ചെക്കനാ, സാറേ.’’
‘‘ചെക്കനും അന്റെകൂടെ കുലാവിക്കച്ചോടത്തിനുണ്ടായിരുന്നോടാ..?” ഉപ്പ തലയാട്ടിയയുട നെ എസ്ഐയുടെ ഒച്ചയുയര്ന്നു.
‘‘ഇവടെ വാടാ...’’
അവൻ അരവാതിൽ തുറന്ന് അകത്തേക്കു കയറി.
‘‘നീയാടാ, സുഡാനിന്റെ തലക്ക് പാത്രംകൊണ്ടടിച്ചത്?’’
‘‘ഇല്ല സാറേ. പെട്രോ ഞമ്മളെ മുത്താണ്, സാറേ.’’
അവൻ വലതുകൈത്തണ്ടയിൽ പച്ചമഷിയിൽ, പെട്രോ എന്ന് ഇംഗ്ലീഷിലെഴുതിയത് കാണിച്ചുകൊടുത്തു.
എസ്ഐ കസേരയിൽനിന്നെഴുന്നേറ്റു. ‘‘രണ്ടാളും വാ.’’ അവരും മുറിക്കു പുറത്തേക്കു നടന്നു. പൊലീസുകാരൻ പുറത്തേക്കോടി ജീപ്പിൽ കയറി, വണ്ടി സ്റ്റാർട്ടുചെയ്തു. എസ്ഐ അതിലേക്കു കയറുമ്പോൾ അവരോട് പിറകിൽ കയറാൻ ആംഗ്യംകാണിച്ചു. പിറകിലെ സീറ്റിലെ പോലീസുകാരനൊപ്പം അഞ്ചുപേർ ഇരിപ്പുണ്ടായിരുന്നു. ഉപ്പയുംഅവനും അതിനകത്ത് ഞെരുങ്ങിയിരുന്നു. ജീപ്പ് റോഡിലേക്ക് നീങ്ങി.
ആശുപത്രിയുടെ മുമ്പിൽ ജീപ്പ് നിന്നു. എസ്ഐ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ എല്ലാവരോടും പിറകെവരാൻ പറഞ്ഞു. ഒന്നാംനിലയിലെ വലതുവശത്തെ വരാന്തയ്ക്കു മുമ്പിൽ രണ്ടുമൂന്ന് ആഫ്രിക്കക്കാർ നിൽപ്പുണ്ടായിരുന്നു. എസ്ഐ അതുകണ്ട് അങ്ങോട്ടു തിരിഞ്ഞു. ആ മുറിയിലേക്കു കയറി. പോലീസുകാർ, ഓരോരുത്തരെയായി ആ മുറിക്കുള്ളിലേക്കു കയറ്റിവിട്ടു. ഒരാൾ ഇറങ്ങിവന്ന ശേഷം അടുത്ത ആൾ കയറി. ഒടുവിൽ, ഉപ്പയും അവനും മുറിക്കകത്തേക്കു കടന്നു. തലയിൽ ബാൻഡേജ് ചുറ്റി, കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു, പെട്രോ. ഇത്രയും അടുത്തുനിന്ന് പെട്രോയെ കാണാനായ സ ന്തോഷത്തിൽ അവൻ വലതുകൈയുയർത്തി, കൈത്തണ്ടയിലെ പച്ചമഷിയിലെഴുതിയ അക്ഷരങ്ങൾ കണ്ട് പെട്രോ അവനെ ഉറ്റുനോക്കി. എസ്ഐ അവനേയും പെട്രോയേയും മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു. ‘‘ദിസ് ബോയ് ഹിറ്റ് യൂ..?’’
പെട്രോ എഴുന്നേറ്റ് അവനെ ശരീരത്തോടു ചേർത്തുപിടിച്ചു. ‘‘നോ.. നോ.. സാർ.’’
പെട്രോ അവന്റെ മുടിയിഴകളിൽ തലോടുമ്പോൾ പെട്രോയുടെ പച്ച ജേഴ്സിയിൽ മുഖമുരച്ച് അവൻ ചുംബിച്ചു.
ചിത്രീകരണം: കെ സുധീഷ്
ആറ്
ഫൈനൽ മത്സരം കാണാനായി ജനം വാഹനങ്ങളിലും ബൈക്കുകളിലും നടന്നും മൈതാനത്തേക്കെത്തിക്കൊണ്ടിരുന്നു. ടിക്കറ്റെടുത്ത് ഗാലറിയിലേക്കു പോവുന്നവരിൽ പലരും കവാടത്തിനരികിൽനിന്ന് കുലാവി വാങ്ങി. ഉപ്പ പൈസ വാങ്ങുമ്പോൾ, "കുലാവി... ചൂടുള്ള കുലാവി...’ എന്നു വിളിച്ചുപറയുന്നതോടൊപ്പം അവൻ ഗ്ലാസുകളിലേക്ക് കുലാവിയൊഴിച്ചുകൊടുത്തു. ടീമംഗങ്ങൾ മൈതാനത്തിനു മുമ്പിൽ ജീപ്പുകളിൽ വന്നിറങ്ങുമ്പോൾ ഓരോ കളിക്കാരനേയും അവൻ ഉറ്റുനോക്കി. കളിക്കാർ കവാടത്തിലൂടെ അകത്തേക്കു പോവുമ്പോൾ എതിർടീമംഗങ്ങളും ജീപ്പുകളിലെത്തി. അവരും മൈതാനത്തിനകത്തേക്കു പോയിക്കഴിഞ്ഞപ്പോൾ, നിരാശയോടെ കുലാവി വിറ്റുകൊണ്ടിരിക്കുമ്പോഴാണ് ബുള്ളറ്റ് ആളുകൾക്കിടയിലൂടെ വരുന്നത് അവൻ കാണുന്നത്. അതിൽ പച്ച ജേഴ്സിയണിഞ്ഞ പെട്രൊയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. തലയിൽ ബാൻഡേജ് ചുറ്റിവച്ചിട്ടുണ്ട്. മൈതാനത്തേക്ക് നടന്നുനീങ്ങുന്ന പെട്രൊ ഉപ്പയുടെയും അവന്റെയും അരികിലേക്കു വന്നു, അവരോട് ചിരിച്ചു. ഉപ്പ ചെവിക്കിടയിലെ ബീഡി നിലത്തേക്കിട്ടു.
‘‘*How are you, Petro..?’’ അവന് ചോദിച്ചു. ‘‘*Pain has come down. I can't live without football and you can't without selling this sweet drink. Give me a glass of kulavi.’’ അവൻ ഗ്ലാസിലേക്ക് കുലാവിയൊഴിച്ചുകൊടുത്തു. പെട്രോ അതു വാങ്ങി, പൈസ അവന്റെ പോക്കറ്റിലിട്ടുകൊടുത്തു. മൈതാനത്തേക്കു കുലാവി കുടിച്ച് നടന്നു. ഗാലറിയിൽനിന്ന്, ‘പെട്രോ... പെട്രോ...’ എന്ന ആർപ്പുവിളിക്കൊപ്പം ബാൻ ഡുമേളങ്ങളുടേയും കുഴൽവിളികളുടേയും ആരവങ്ങളുയർന്നു....
*കായി: പൈസ. *സാമ്പ്രി: പുഴക്കരയിലെ പള്ളി. *ചാതം കിട്ടാതെ: ശ്വാസം കിട്ടാതെ. *കച്ചേരി:പോലിസ് സ്റ്റേഷന്. *സുജായി: അണിഞ്ഞൊരുങ്ങി നടക്കുന്നവന്.
*എങ്ങനെയുണ്ട്, പെട്രോ..? *വേദന കുറവുണ്ട്. ജീവിക്കാൻ എനിക്ക് പന്ത് തട്ടിയേ തീരൂ, നിങ്ങൾക്ക് ഈ മധുരപാനീയം വിറ്റേ തീരൂ. എനിക്കൊരു ഗ്ലാസ് കുലാവി തരൂ.









0 comments