Deshabhimani

ലാഭമുണ്ടാക്കാനുള്ളതല്ല കിഫ്ബി; വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയതിൽ നിർണായക പങ്ക്: കെ എൻ ബാല​ഗോപാൽ

സംസ്ഥാനം കടക്കെണിയിലല്ല, വർഷാവസാനം 4000 കോടി നീക്കിയിരിപ്പുമുണ്ട്: ധനമന്ത്രി

കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്ക്

Published on Oct 16, 2026, 01:47 PM | 1 min read

കൊട്ടാരക്കര: കിഫ്ബിയെ നിർത്തലാക്കി എല്ലാം സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള യു‍ഡിഎഫ് സർക്കാരിന്റെ നിലപാട് ശരിയല്ലെന്ന് മുൻ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് കിഫ്ബി. കേന്ദ്രസർക്കാർ നൽകുന്ന പണം കൊണ്ട് മാത്രം വികസനപദ്ധതികൾ നടത്താനാകില്ല. കിഫ്ബി ഉള്ളതുകൊണ്ടാണ് ദേശീയപാത ഉൾപ്പെടെ വിവിധ സ്വപ്നപദ്ധതികൾ യാഥാർത്ഥ്യമായതെന്നും ബാല​ഗോപാൽ പറഞ്ഞു.


സംസ്ഥാനത്ത് നിരവധി ആശുപത്രികളും സ്കൂളുകളും റോഡുകളും എല്ലാം കിഫ്ബിയുടെ കീഴിൽ നിർമിച്ചു. ദേശീയപാത ഭൂമിയേറ്റെടുക്കലിനായി 6000 കോടിയോളം രൂപയാണ് കിഫ്ബി മാറ്റിവെച്ചത്. ടോൾ വാങ്ങാത്ത ധാരാളം റോഡുകളും നിർമിച്ചു. ഇതെല്ലാം സാധാരണക്കാർക്ക് പ്രയോജനകരമായി.


എന്നാൽ ഇപ്പോൾ സർക്കാർ പറയുന്നത് ലാഭകരമായ പദ്ധതികൾ മാത്രമേ കിഫ്ബി ചെയ്യാവൂ എന്നാണ്. ആശുപത്രികളും സ്കൂളുകളും ലാഭമുണ്ടാക്കാനല്ല. ഇത്തരം പദ്ധതികളൊന്നും ഇനി വേണ്ടെന്നാണ് സർക്കാർ പറയുന്നത്.


ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അം​ഗീകരിച്ചത്. 60,000 കോടിയലധികം രൂപയുടെ പദ്ധതികളുടെ പണി നടക്കുകയും 40,000 കോടിയോളം രൂപ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് 60,000 കോടി രൂപ നഷ്ടമെന്നാണ്. ഭൂമി ഏറ്റെടുത്തതിനെക്കുറിച്ചും അനാവശ്യ ആക്ഷേപമാണ് ഉയർത്തുന്നത്. വികസനപദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് നഷ്ടമാണെന്ന് സർക്കാർ പറയുന്നു. അതേസമയം കേരളത്തോട് കേന്ദ്രസർക്കാർ പുലർത്തുന്ന സമീപനത്തെക്കുറിച്ച് സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നേയില്ല. സംസ്ഥാനത്തിന് 2022ന് ശേഷമാണ് കിഫ്ബി വഴി ലോൺ എടുക്കുന്നത് കടപരിധിയിൽപെടുത്തിയത്. തുടർന്നാണ് കേരളം സുപ്രീംകോടതിയിൽ പോകുകയും കേസ് ഭരണഘടനാബെഞ്ചിന് വിടുകയും ചെയ്തത്. കിഫ്ബിയെ ഇല്ലാതാക്കിയാൽ ഓരോ സ്ഥലത്തും നിശ്ചയിച്ചിട്ടുള്ള പദ്ധതികൾ അവതാളത്തിലാകുമെന്നും ബാല​ഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home