കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ബസ് ചാർജ് 20 രൂപയാക്കണമെന്നും വിദ്യാർഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷന്റെ പ്രധാന ആവശ്യം. നവംബര് മൂന്ന് മുതല് സംസ്ഥാനത്തെ മുഴുവന് സ്വകാര്യ ബസുകളുടേയും സര്വീസ് അനശ്ചിത കാലത്തേക്ക് നിര്ത്തിവയ്ക്കാനാണ് തീരുമാനം.
നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് നേരത്തെ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ ഒരാവശ്യവും സര്ക്കാര് പരിഗണിച്ചില്ലെന്നും ബസ്സുടമകള് പറയുന്നു.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിവിധ പ്രക്ഷോഭ സമരങ്ങൾക്ക് രൂപം നൽകിയിരുന്നു
പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് ഉടമകൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും പലപ്പോഴും കാലിയായി ഓടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ഇതിനു പരിഹാരമുണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടി ബസുടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ചർച്ചകളൊന്നും ഉണ്ടായില്ല.
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന് ബസുടമകളുമായി ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി സി പി ജോൺ പറഞ്ഞിരുന്നെങ്കിലും അത് ഫലം കണ്ടില്ല. അതേസമയം കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ പണിമുടക്ക് സമരത്തിൽ നിന്നും മാറിനില്ക്കും.









0 comments