കിഫ്ബി കേരളത്തിന്റെ 'പൊന്മുട്ടയിടുന്ന താറാവ്': മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം കിഫ്ബി ഒരു 'പൊന്മുട്ടയിടുന്ന താറാവാ'ണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ നീലേശ്വരം-എടത്തോട് റോഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരന്റെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് മന്ത്രിയുടെ പരാമർശം.
നീലേശ്വരം-എടത്തോട് റോഡിന്റെ 13 കിലോമീറ്റർ നിർമാണ പ്രവൃത്തികൾക്കായി 2019ൽ കരാർ ഒപ്പിട്ടിരുന്നു. 2020ൽ പണി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ കരാറുകാരന്റെ അനാസ്ഥയിൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ പണി പൂർത്തീകരിക്കുന്നതിനായി കിഫ്ബിയുമായി പൊതുമരാമത്ത് വകുപ്പ് ചർച്ച ചെയ്തതായി മന്ത്രി സഭയിൽ അറിയിച്ചു. 43 കോടി 27 ലക്ഷം രൂപയുടെ ധനാനുമതി കിഫ്ബി നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 163 റോഡ് - പാലം പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. 6616 കോടി 13 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1880 കിലോമീറ്റർ ദൂരമുള്ള 136 റോഡുകൾ 5643 കോടി 59 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ചു. 572 കോടി 54 ലക്ഷം രൂപ ചെലവഴിച്ച് 27 പാലങ്ങൾ പണി പൂർത്തീകരിച്ചു.
നിലവിൽ 160 പദ്ധതികളിലായി 8308 കോടി 80 ലക്ഷം രൂപയുടെ റോഡ്, പാലം പണികൾ കേരളത്തിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുകയാണ്. 1173 കിലോമീറ്റർ വരുന്ന 106 റോഡുകളാണ് നിർമാണത്തിലുള്ളത്. 6611 കോടി 47 ലക്ഷം രൂപ കിഫ്ബി ഫണ്ട് കേരളത്തിൽ ചെലവഴിച്ചു.1697 കോടി 33 ലക്ഷം രൂപയുടെ 84 പാലം പദ്ധതികളും പുരോഗമിക്കുന്നു. കിഫ്ബിയിലൂടെ കേരളത്തിലെ പശ്ചാത്തല വികസനത്തിൽ ഒരു മാജിക് ആണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments