ആരോഗ്യമേഖലയ്‌ക്ക് കിഫ്‌ബിവഴി നൽകിയത് 6337 കോടി

ഒ വി സുരേഷ്
Published on Jul 12, 2025, 12:12 AM | 1 min read
തിരുവനന്തപുരം
ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയ ഹൃദ്രോഗചികിത്സയ്‌ക്ക് മെഡിക്കൽ കോളേജുകളെമാത്രം ആശ്രയിക്കേണ്ടിയിരുന്ന പഴയസ്ഥിതി മാറി. കുറഞ്ഞ ചെലവിൽ കാത്ത് ലാബ് സൗകര്യവുമായി ജില്ലാ ആശുപത്രികൾ സജ്ജം. ചെലവിടാൻ പണമില്ലെന്നുപറഞ്ഞ് യുഡിഎഫ് കാലത്ത് അവഗണിച്ചിരുന്ന ആരോഗ്യമേഖലയെ എൽഡിഎഫ് സർക്കാർ നവീകരിച്ചത് കിഫ്‌ബി വഴി. ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ആധുനിക ചികിത്സാ സൗകര്യങ്ങൾക്കുമായി 6337 കോടി രൂപയാണ് കിഫ്‌ബി വഴി ചെലവിട്ടത്. ബജറ്റ്‌വിഹിതത്തിനും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടിനും പുറമെയാണിത്.
മെഡിക്കൽ കോളേജുകളുടെ അടിസ്ഥാനസൗകര്യം കൂട്ടാൻ 1532 കോടി, വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുണ്ടാക്കാൻ 236 കോടി, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 1526 കോടി, ജനറൽ ആശുപത്രികൾക്ക് 557 കോടി, ജില്ലാ ആശുപത്രികൾക്ക് 966 കോടി എന്നിങ്ങനെചെലവിട്ടു. മലബാർ കാൻസർ സെന്ററിന്റെ ആധുനീകരണമുൾപ്പെടെയുള്ളവയ്‌ക്ക് 496 കോടിയും കൊച്ചിൻ കാൻസർ സെന്ററിന് 384 കോടിയും അനുവദിച്ചു. ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ 350 കോടി രൂപയും നൽകി. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾക്കെല്ലാം പുതിയ മനോഹരമായ കെട്ടിടങ്ങൾ ഉയരുകയാണ്.
ഒന്നാം പിണറായി സർക്കാർ പ്രധാന താലൂക്കാശുപത്രികളുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഫണ്ട് ലഭ്യമാക്കാൻ കിഫ്‌ബിയെ സമീപിച്ചു. ഇവയിൽ ചിലതിന്റെ നിർമാണം പൂർത്തിയായി. ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ പദ്ധതികൾ ഒരുങ്ങുന്നു. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളും വന്നു. ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് യൂണിറ്റുകൾ ആരംഭിച്ചു. അർബുദ ചികിത്സാസൗകര്യങ്ങളും ജില്ലാ തലത്തിൽ ആരംഭിച്ചു. താലൂക്ക് ആശുപത്രികളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുകയാണ്.








0 comments