print edition കിഫ്‌ബി തുന്നിയ ഭിന്നശേഷി സൗഹൃദം

പ്രതീകാത്മക ചിത്രം

അഖില ബാലകൃഷ്ണൻ
Published on Mar 27, 2026, 02:22 AM | 1 min read
പാലക്കാട് : ഞങ്ങളെയും ഉൾച്ചേർത്ത ഒരു സർക്കാരിന്റെ കരുതലാണ് ഇൗ കെട്ടിടങ്ങൾ. ഒരു സമൂഹത്തിന്റെ മാറ്റം ഇവിടെ തുടങ്ങും’ – കുമരപുരം ജിഎച്ച്‌എസ്‌എസിൽ കിഫ്‌ബി വഴി നിർമിച്ച പുതിയ കെട്ടിടത്തിന് മുന്നിൽ ചക്രകസേരയിലിരുന്ന് കുട്ടികളോടായി ശ്രീകല ടീച്ചർ പറഞ്ഞു. ‘പണ്ടത്തെ സ്കൂളിലൊക്കെ ടീച്ചർ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ടാവുമല്ലേ? ’ കുട്ടികളുടെ ചോദ്യം. ‘പിന്നില്ലേ,’ ടീച്ചർ തുടർന്നു. ഇൗ ടെെൽവിരിച്ച മുറ്റമൊക്കെ നേരത്തെ കല്ലും മണ്ണും നിറഞ്ഞതായിരുന്നു. വീൽചെയർ ഒന്നും നീങ്ങില്ല. ഇപ്പോ എല്ലാം നിരപ്പായി. നമ്മളിറങ്ങി വന്ന റാമ്പുകൾക്ക് പകരം പടിക്കെട്ടുകളായിരുന്നു. മുകളിലത്തെ നിലകളിലേക്കുള്ള പടിക്കെട്ടുകൾ കയറുന്നതായിരുന്നു ഏറ്റവും കഷ്ടപ്പാട്. ഇപ്പൊ മിക്ക സ്കൂളിലും ലിഫ്‌റ്റ് ഉൾപ്പെടെ വന്നില്ലേ. എല്ലാനിലയിലും ടോയ്‌ലെറ്റ് കോംപ്ലക്സുകളുണ്ട്. അതിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ വേറെ. സാധാരണ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാനാകാതെ ഞാൻ കഷ്ടപ്പെട്ടതുപോലെ എന്റെ വിദ്യാർഥികൾ അനുഭവിക്കേണ്ടി വന്നില്ലല്ലോ.’ അവർ പറഞ്ഞു നിർത്തി.
ചെറുപ്പത്തിൽ പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി ജീവിതം വെട്ടിപ്പിടിക്കുന്നതിനിടയിൽ പഠനകാലഘട്ടത്തിലും പിന്നീട് കുമരപുരം സ്കൂളിൽ എച്ച്‌എസ്‌എസ് വിഭാഗം അധ്യാപികയായപ്പോഴും സ്കൂളുകൾ ഭിന്നശേഷി സൗഹൃദമല്ലാത്ത് എൻ ശ്രീകലയുടെ വഴിയിൽ വെല്ലുവിളിയായിരുന്നു. പലപ്പോഴായി ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും കത്തുകളയച്ചിരുന്നു. കിഫ്‌ബി വഴി സർക്കാർ പൂർത്തിയാക്കിയ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാണ്– അവർ പറഞ്ഞു.










0 comments