കിഫ്ബി ടോൾപിരിവ് വിവാദം ; ലക്ഷ്യം വികസനം തടയൽ

തിരുവനന്തപുരം : വായ്പയെടുക്കുമ്പോൾ ടോൾ പിരിച്ച് വരുമാനമുണ്ടാക്കുന്ന ദേശീയപാത അതോറിറ്റിയുടെ മാതൃകയാണ് കിഫ്‌ബിയേക്കാൾ മികച്ചതെന്ന് നിയമസഭയിൽ പ്രസ്താവിച്ച പ്രതിപക്ഷത്തിന്റെ കരണംമറിച്ചിലിന്റെ ലക്ഷ്യം കേരളത്തിലെ വികസനം തടയൽ. ദുരിതബാധിതരെയടക്കം തള്ളി കേരളത്തെ തിരിഞ്ഞുനോക്കാത്ത കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധത്തെ, ഒരുകൂട്ടം മാധ്യമങ്ങളുടെ പിന്തുണയോടെ കിഫ്‌ബിക്കെതിരെ വ്യാപക ചർച്ച സംഘടിപ്പിക്കുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്.
കിഫ്‌ബിയെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തി വികസനരംഗത്തേക്ക് പണം ഒഴുക്കി കേരളത്തിന്റെ മുഖഛായതന്നെ മാറ്റുന്നതാണ് കഴിഞ്ഞ എട്ട് വർഷമായി കണ്ടത്. ഈ വികസന രീതി വലിയതോതിലുള്ള നിക്ഷേപ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് കണ്ടാണ് ബിജെപി–-യുഡിഎഫ്–-മാധ്യമ ഗൂഢാലോചന നടന്നത്. 2019ലെ സിഎജി റിപ്പോർട്ടിലെ ചില പരാമർശങ്ങൾതന്നെ ഇതിന്റെ ആദ്യ ചുവടായിരുന്നു. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്തതിന് നൽകിയ 6000 കോടി അടക്കം കിഫ്‌ബി എടുത്ത വായ്പയെ സംസ്ഥാനത്തിന്റെ ബാധ്യതയായി കണ്ട് കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയായിരുന്നു. കേരളത്തെ പ്രഹരിച്ച് വികസനം തടയാനുള്ള നീക്കം ആരും ചർച്ചയാക്കി യില്ല.
കിഫ്‌ബിക്ക് വരുമാനമുണ്ടാക്കാനുള്ള മാർഗങ്ങൾ തേടുകയെന്നത് സ്വാഭാവിക നയവും മുന്നണിയുടെ നിലപാടുമാണ്. വികസനത്തിന് കിഫ്‌ബി എങ്ങനെ പ്രയോജനപ്പെടുന്നുവെന്നതിന് തെളിവാണ് അവരുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്കൂളുകളും ആശുപത്രികളും കെ ഫോൺ അടക്കമുള്ള വിവിധ പദ്ധതികളും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വികസനത്തിന്റെ ഗുണവശങ്ങളെ പ്രതിപക്ഷമോ മാധ്യമങ്ങളോ കാണുന്നില്ല. വായ്പയെടുത്തുതന്നെ റോഡ് നിർമിച്ച് ടോൾ പിരിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നടപടിക്കെതിരെ പ്രതികരിക്കാത്തവർ ടോൾ സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ചർച്ച കൊഴുപ്പിച്ച് കേന്ദ്രത്തേയും പ്രതിപക്ഷത്തേയും സഹായിക്കുകയാണ്.
കിഫ്‌ബിയുടെ ധനസഹായത്തിൽ 67,437 കോടി രൂപയുടെ 1140 വികസന പദ്ധതികളാണ് നടക്കുന്നത്. ഭൂമിക്ക് നൽകിയ 20,000 കോടിയുൾപ്പെടെ 87,437 കോടിയുടെ പദ്ധതികളാണ് ഏറ്റെടുത്തത്. കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതികളൊന്നും നടക്കില്ലായിരുന്നു. സ്ഥലം ഏറ്റെടുക്കാത്തതുകൊണ്ട് ദേശീയപാത വികസനം ഉപേക്ഷിച്ച് ഓഫീസ് പൂട്ടുന്നുവെന്നും എൻഎച്ച്‌എഐ കത്തയച്ചിട്ടും അനങ്ങാതിരുന്ന യുഡിഎഫ് സർക്കാരിനെ കേരളം മറന്നിട്ടില്ല.










0 comments