പഠന പുരോഗതിക്കും മാനസിക സുസ്ഥിതിക്കും സമഗ്ര പദ്ധതി
print edition ശാസിക്കല്ലേ ; കുട്ടികളെ സൂപ്പറാക്കാൻ ‘സ്‌നേഹം’

എം ജഷീന
Published on Jan 21, 2026, 01:37 AM | 1 min read
കോഴിക്കോട്
‘എപ്പോഴും ഫോണിലാണ്, മതി കളിച്ചത്, പോയി പഠിക്ക്’ എന്നൊക്കെ കുട്ടികളെ ശാസിക്കുന്നവർ ഇനി ഒരുപൊടിക്ക് അടങ്ങേണ്ടി വരും. വരുന്നത് ശാസനയില്ലാവാരം. കുട്ടികളെ ശാസിക്കാതെ പഠന പുരോഗതിക്കായി അധ്യാപകരെയും രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്ന ആഴ്‌ച. കുട്ടികളുടെ മാനസിക സുസ്ഥിതിയ്‌ക്കും പഠന പുരോഗതിക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ‘സ്‌നേഹം’ പദ്ധതിയുടെ ആദ്യചുവടായി ഇൗ ആഴ്‌ച ശാസനയില്ലാവാരമാണ്. ജീവിത നൈപുണി പരിശീലിപ്പിക്കാൻ ആറ് ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള തീമാറ്റിക് വാരങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കുകയാണ് സർക്കാർ.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ ഇടപെടലിലും ആശയവിനിമയത്തിലും മാറ്റമുണ്ടാക്കി കുട്ടികളുടെ മാനസികാരോഗ്യവും പഠനവും ജീവിതരീതിയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കുട്ടികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന സമൂഹസൃഷ്‌ടി, കുട്ടികളെ ഉത്തരവാദിത്വ ബോധമുള്ളവരാക്കൽ, ഡിജിറ്റൽ ഉപയോഗം കുറയ്‌ക്കൽ എന്നിവയും പ്രധാനമാണ്. ശാസനയില്ലാ വാരം, പ്രശംസാ വാരം, ഡിജിറ്റൽ ഉപവാസ വാരം, കൃതജ്ഞതാ വാരം, ക്ഷമാപണ വാരം, പരിഗണിക്കൽ വാരം എന്നിവയാണ് വരുംആഴ്‌ചകളിൽ നടപ്പാക്കുക.
രക്ഷിതാക്കളും അധ്യാപകരും ദേഷ്യപ്പെട്ടതുകൊണ്ട് പ്രയോജനമില്ലെന്നും സ്‌നേഹത്തോടെ തെറ്റുകൾ തിരുത്തണമെന്നുമാണ് ശാസനയില്ലാ വാരത്തിന്റെ പ്രധാന നിർദേശം. തീമാറ്റിക്‌വാരം അധ്യാപകർ കുട്ടികൾക്കൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. സംസാരിക്കാനും കാണാനും പറ്റുന്ന രീതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. നല്ല കാര്യങ്ങൾ കണ്ടെത്തി പ്രശംസിക്കുക, നന്ദി പറയുക, ഡിജിറ്റൽ ഉപയോഗം ഒഴിവാക്കുക തുടങ്ങിയവയാണ് ഓരോ ആഴ്‌ചയും ചെയ്യേണ്ടത്.
തിങ്കളാഴ്‌ചകളിൽ അസംബ്ലികളിൽ ഇതെക്കുറിച്ച് കുട്ടികളോട് സംവദിക്കും. പിടിഎ യോഗങ്ങളടക്കം സംഘടിപ്പിച്ച് രക്ഷിതാക്കളെയും ബോധവൽക്കരിക്കും. ദിവസം ഒരുമണിക്കൂർ കായിക വിനോദങ്ങളിൽ പങ്കാളികളാകുന്നെന്ന് ഉറപ്പാക്കാൻ ‘നാരങ്ങാമിഠായി’ ക്യാന്പയിനും തുടങ്ങും. ലഹരി, ഡിജിറ്റൽ അടിമത്വം എന്നിവയിൽനിന്ന് അകറ്റാൻ ഇത് സഹായിക്കും.











0 comments