ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം

തലശേരി: വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. തില്ലങ്കേരി പടിക്കച്ചാലിലെ ഷഹത മൻസിലിൽ ഖദീജ (28)യെ വെട്ടിക്കൊല്ലുകയും രണ്ടാംഭർത്താവ് കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലെ മഠത്തിൽ ഷാഹുൽഹമീദിനെ (47) വധിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ പടിക്കച്ചാലിലെ പുതിയപുരയിൽ കെ എൻ ഇസ്മയിൽ (40), കെ എൻ ഫിറോസ് (36) എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പഴശ്ശി കുഴിക്കൽ ജസീല മൻസിലിൽ കെ നൗഷാദാണ് ഖദീജയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് ഷാഹുൽഹമീദുമായി യുവതി സ്നേഹത്തിലായത്. കുടുംബം ആവശ്യപ്പെട്ടിട്ടും ബന്ധം ഒഴിയാത്തതിലെ വിരോധമാണ് കൊലയ്‌ക്ക് കാരണം. 2012 ഡിസംമ്പർ 22ന് പകൽ പന്ത്രണ്ടോടെ സഹോദരങ്ങളും മറ്റു നാലുപേരും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടാംവിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ആദ്യ വിവാഹം തലാഖ് നടത്തി, ഖദീജയെയും ഷാഹുൽഹമീദിനെയും പടിക്കച്ചാലിലെ വീട്ടിലെത്തിച്ചാണ് കൃത്യം നടത്തിയത്. ഒന്നും രണ്ടും പ്രതികൾ ചേർന്ന് ഷാഹുൽഹമീദിനെ മർദിക്കുകയും ഇടതുകാൽ മുട്ടിനുമുകളിൽ കുത്തിപ്പരിക്കേൽപ്പിക്കുകയുംചെയ്‌തു. വീടിന്റെ സെൻട്രൽ ഹാളിൽ അതിക്രമിച്ചുകയറി ഖദീജയുടെ നെഞ്ചിനും വയറിനും പുറത്തും കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് കേസ്.









0 comments