കെജിഒഎ വജ്രജൂബിലി സമ്മേളനം
print edition 23 മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ ഗസറ്റഡ് മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വജ്രജൂബിലി സമ്മേളനം ശനിയാഴ്‌ച ആരംഭിക്കും. വി സോമനാഥൻ നഗർ (എ കെ ജി ഹാൾ), ഡോ. കെ എൻ പണിക്കർ നഗർ (സെന്റ് ജോസഫ്സ് സ്കൂൾ), വി എസ് അച്യുതാനന്ദൻ നഗർ (ഇ കെ നായനാർ പാർക്ക്) എന്നീ സമ്മേളന നഗറുകളിലാണ് നാലുദിവസത്തെ സമ്മേളനം നടക്കുന്നതെന്ന് കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശനി രാവിലെ ഒമ്പതിന് വി സോമനാഥൻ നഗറിൽ പതാക ഉയർത്തലോടെ സമ്മേളനം ആരംഭിക്കും. സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും വിവിധ കമ്മിറ്റികളുടെ രൂപീകരണവും നടക്കും. വൈകിട്ട് അഞ്ചിന് പ്രതിനിധി സമ്മേളനം മുൻ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. ഞായർ രാവിലെ ഒമ്പതിന് "തീവ്ര വലതുപക്ഷ നയങ്ങളും പൊതുമേഖലയുടെ ഭാവിയും' എന്ന സെമിനാർ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സംഘടനാ പ്രമേയാവതരണവും പൊതുചർച്ചയും മറുപടിയും. രാത്രി 7.30ന് കെ എൻ പണിക്കർ നഗറിൽ കലാപരിപാടികൾ അരങ്ങേറും.
തിങ്കളാഴ്ച വി സോമനാഥൻ നഗറിൽ രാവിലെ 10.45ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധുവും വൈകിട്ട് 5.15ന് സംസ്കാരിക സമ്മേളനം നടൻ പ്രകാശ് രാജും ഉദ്ഘാടനം ചെയ്യും. ചൊവ്വ രാവിലെ ഒന്പതിന് "നിയോ ഫാസിസവും സാംസ്കാരിക ഇന്ത്യയും' എന്ന വിഷയത്തിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പ്രഭാഷണം നടത്തും. രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ, സെക്രട്ടറിമാരായ എം എൻ ശരത്ചന്ദ്രലാൽ, ജയൻ പി വിജയൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ ജെ ജോസഫൈൻ, കൺവീനർമാരായ ഇ നിസാമുദ്ദീൻ, ആർ മനോജ് കുമാർ, മീഡിയ കമ്മിറ്റി കൺവീനർ എസ് എ അനീസ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ജാഥ ഇന്ന്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വജ്രജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി വ്യാഴം പകൽ 3.30ന് വിളംബര ജാഥ നടത്തും. പബ്ലിക് ഓഫീസ്, ഡിഎച്ച്‌എസ് എ ന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന വിളംബര ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും.










0 comments