തെന്നല ബാങ്ക് തട്ടിപ്പ്; ഒന്നാംപ്രതി യായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം : മുസ്ലിം ലീഗ് ഭരണസമിതി നേതൃത്വത്തില്‍ കോട്ടക്കല്‍ തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നടത്തിയ കോടികളുടെ വായ്പാ തട്ടിപ്പുകേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. ബാങ്കിലെ അക്കൗണ്ടന്റും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന തെന്നല പൂക്കിപ്പറമ്പ് ഹൈസ്കൂള്‍ റോഡ് വാളക്കുളത്ത് കള്ളിയത്ത് വീട്ടില്‍ മന്‍സൂര്‍ (47) ആണ് അറസ്റ്റിലായത്. മലപ്പുറം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നേതൃത്വത്തില്‍ വ്യാഴം പുലര്‍ച്ചെ അഞ്ചോടെ തെന്നലയിലെ വീട്ടില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്ന പ്രതി അടുത്തിടെയാണ് നാട്ടിലെത്തിയത്.
ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും വിശ്വാസവഞ്ചനയിലൂടെ 2022മുതല്‍ നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറിന്റെ റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2003മുതല്‍ ബാങ്കില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. സമാനമായ തട്ടിപ്പുകേസില്‍ മന്‍സൂര്‍ 2015ലും അറസ്റ്റിലായിട്ടുണ്ട്.
വ്യാജരേഖ ചമച്ച് ജീവനക്കാരും ഭരണസമിതി അംഗങ്ങളും സ്വന്തക്കാര്‍ക്കും ബിനാമികള്‍ക്കും കോടികളുടെ വായ്പ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നഷ്ടത്തിലായി നിക്ഷേപകര്‍ക്ക് പണം ലഭിക്കാതെ വന്നു. ഇതോടെയാണ് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. 37 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. തട്ടിപ്പ് പുറത്തായതോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും രാജിവച്ചു. സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനുകീഴിലാണ് നിലവില്‍ ബാങ്കിന്റെ പ്രവര്‍ത്തനം.
കേസില്‍ പ്രതികളായ ബാങ്ക് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എൻ പി കുഞ്ഞുമൊയ്‌തീൻ, ഡയറക്ടർ ബോർഡ് അംഗമായിരുന്ന വി പി അലിഹസൻ, ജീവനക്കാരൻ നസീർ ചീരങ്ങൻ, മുൻ സെക്രട്ടറിമാരായ വാസുദേവൻ മുസത്, രത്നകുമാരി എന്നിവര്‍ നേരത്തെ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യം നേടിയിരുന്നു. മന്‍സൂറിന്റെ ഭാര്യ നബീസയും പ്രതിപ്പട്ടികയിലുണ്ട്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂര്‍ റെയ്ഞ്ച് എസ്‌പി ജോസി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി പി എം രവീന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ പി കെ രാജ്മോഹന്‍, എസ്ഐമാരായ കെ ശ്യാം, കെ ഷാഹുല്‍ ഹമീദ്, എഎസ്ഐമാരായ പി ഷീജ, ഷിബില്‍ലാല്‍, എസ്‌സിപിഒ കെ സല്‍മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്‍സൂറിനെ പിടികൂടിയത്.








0 comments