ad
Deshabhimani

ദ്രോഹം തുടർന്ന്‌ കേന്ദ്രസർക്കാർ: മീൻപിടിത്ത യാനങ്ങൾക്കുള്ള മണ്ണെണ്ണവില വർധിപ്പിച്ചു

fishermen
വെബ് ഡെസ്ക്

Published on Apr 12, 2026, 12:00 AM | 1 min read

കൊച്ചി: മീൻപിടിത്ത യാനങ്ങൾക്കുള്ള മണ്ണെണ്ണവില കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. ലിറ്ററിന് 103 രൂപയായിരുന്നത്‌ ഒറ്റയടിക്ക് 155.37 രൂപയാക്കി. 52.37 രൂപയാണ്‌ വർധിപ്പിച്ചത്‌. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് 2.50 രൂപ നേരത്തേ വർധിപ്പിച്ചിരുന്നു. മീൻലഭ്യത കുറഞ്ഞതോടെ വറുതിയിലായ തീരദേശമേഖലയ്‌ക്ക്‌ ഇന്ധനവിലകൂടി ഉയർത്തിയത്‌ കൂടുതൽ പ്രതിസന്ധിയായി.


മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മണ്ണെണ്ണ ഉപയോഗിച്ചുള്ള ഇൻബോർഡ് വള്ളങ്ങളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ മണ്ണെണ്ണ ഉപഭോഗത്തിലും സംസ്ഥാനം മുന്നിലാണ്. 14,342 ഔട്ട് ബോർഡ് മോട്ടോർ മത്സ്യബന്ധന യാനങ്ങൾക്കാണ്‌ കേരളത്തിൽ മണ്ണെണ്ണ പെർമിറ്റ് ഉള്ളത്. എൻജിന്റെ കുതിരശക്തിക്കനുസരിച്ച് 140 മുതൽ 180 ലിറ്റർ വരെയാണ് മണ്ണെണ്ണ നൽകുന്നത്. ഇതാകട്ടെ അഞ്ചുദിവസത്തെ മത്സ്യബന്ധനത്തിനുപോലും തികയില്ല.


10 എച്ച്പി എൻജിനുള്ള വള്ളങ്ങൾ പ്രതിദിനം 140 ലിറ്റർ മണ്ണെണ്ണവരെ ഉപയോഗിക്കുന്നുണ്ട്. 7000 രൂപയാണ്‌ ഇവർക്ക്‌ ദിവസം ചെലവ്‌. മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ വള്ളങ്ങൾക്കുള്ള മണ്ണെണ്ണ സബ്സിഡി കഴിഞ്ഞ മാസം 25 രൂപയിൽനിന്ന് 50 രൂപയാക്കി വർധിപ്പിച്ചതുമാത്രമാണ്‌ ഏക ആശ്വാസം. യുദ്ധത്തെതുടർന്ന്‌ വലനിർമാണത്തിനുള്ള നൂലും കിട്ടാതായി. നൂലിന് കിലോയ്ക്ക് 30 മുതൽ 40 വരെ വില വർധിച്ചു. ഇതും തിരിച്ചടിയായി.


മണ്ണെണ്ണ വിലവർധന ഉടൻ പിൻവലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ആവശ്യത്തിന് ലഭ്യമാക്കണമെന്നും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി അഡ്വ. യേശുദാസ് പറപ്പിള്ളി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home