നീന്തലിൽ കാർത്തിക്കും ദേവികയും സുവർണതാരങ്ങൾ

കോതമംഗലം: കേരളോത്സവത്തിലെ നീന്തൽമത്സരങ്ങളിൽ തിരുവനന്തപുരം സ്വദേശി കാർത്തിക് എസ് പ്രദോഷിന്റെയും കോഴിക്കോട് സ്വദേശി കെ ദേവികയുടെയും മെഡൽവേട്ട. കാർത്തിക് നാലും ദേവിക മൂന്നും സ്വർണം നേടി. 200, 400 മീറ്റർ വ്യക്തിഗത മെഡ്‌ലി, 50, 100 മീറ്റർ ബ്രസ്‌റ്റ് സ്‌ട്രോക്ക് ഇനങ്ങളിലാണ് കോട്ടുകാൽ പുന്നക്കുളം ദ്വാരക ഹൗസിൽ കാർത്തിക്കിന്റെ സുവർണനേട്ടം.
കഴിഞ്ഞ മൂന്ന് സംസ്ഥാന കായികമേളകളിലും മിന്നുംനേട്ടമാണ് കോട്ടുകാൽ ഗവ. വിഎച്ച്‌എസ്‌എസിലെ ഈ പത്താംക്ലാസ് വിദ്യാർഥി കാഴ്‌ചവച്ചത്. 100, 200, 50 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിലും 200, 400 വ്യക്തിഗത മെഡ്‌ലിയിലും മൂന്നുതവണയും സ്വർണം നേടി. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനുമായി.
കോഴിക്കോട് നടക്കാവ് കണ്ണോളിൽവീട്ടിൽ കെ ദേവിക 50, 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്, 50 മീറ്റർ ബട്ടർഫ്ലൈ സ്‌ട്രോക്ക് എന്നിവയിലാണ് സ്വർണം നേടിയത്. കോഴിക്കോട് പ്രൊവിഡൻസ് ജിഎച്ച്‌എസ്‌എസ് പ്ലസ് വൺ വിദ്യാർഥിനിയായ ദേവിക, സംസ്ഥാന സ്‌കൂൾ കായികമേളകളിലും മിന്നുംനേട്ടം കൈവരിച്ചു. 50, 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ മീറ്റ് റെക്കോഡിട്ടു. ഇതിൽ നൂറു മീറ്ററിൽ തകർത്തത് 23 വർഷം പഴക്കമുള്ള റെക്കോഡാണ്. ഒമ്പതിൽ പഠിക്കുമ്പോൾ 50 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ റെക്കോഡിട്ടു. തുടർന്ന് പത്ത്, പ്ലസ് വൺ പഠനകാലത്ത് സ്വന്തം റെക്കോഡ് തിരുത്തി.








0 comments