തൃശൂർപൂരം


സ്വന്തം ലേഖകൻ
Published on Apr 12, 2025, 03:04 AM | 2 min read
കോതമംഗലം : നാലുദിവസത്തെ കലാ-കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ അജയ്യരായി തൃശൂർ ജില്ല. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച കേരളോത്സവത്തിൽ തൃശൂർ ഓവറോൾ സ്വന്തമാക്കി. കലാവിഭാഗത്തിൽ 374 പോയിന്റും കായിക ഇനങ്ങളിൽ 172 പോയിന്റും ഉൾപ്പെടെ 546 പോയിന്റ് നേടിയാണ് തൃശൂർ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്.
431 പോയിന്റ് നേടി കണ്ണൂർ രണ്ടാംസ്ഥാനം നേടി. കലാവിഭാഗത്തിൽ 333 പോയിന്റും കായിക ഇനങ്ങളിൽ 98 പോയിന്റുമാണ് ഇവരുടെ സമ്പാദ്യം. കോഴിക്കോടിനാണ് മൂന്നാംസ്ഥാനം. കലാവിഭാഗത്തിൽ 288 പോയിന്റോടെയും കായിക ഇനങ്ങളിൽ 128 പോയിന്റോടെയും മൊത്തം 416 പോയിന്റും ഇവർ സ്വന്തമാക്കി. മറ്റു ജില്ലകളും ആകെ പോയിന്റും: മലപ്പുറം-412, കാസർകോട്-373, പാലക്കാട്-317, തിരുവനന്തപുരം–308, എറണാകുളം-299, കൊല്ലം-263, ആലപ്പുഴ-212, കോട്ടയം-191, പത്തനംതിട്ട–147, ഇടുക്കി–146, വയനാട്–127. സമാപന പൊതുസമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്‌തു.
വർഗീയതയെ പ്രതിരോധിക്കാൻ സാംസ്‌കാരിക ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരളോത്സവംപോലെയുള്ള സാംസ്‌കാരിക കൂട്ടായ്‌മകളാണ് വർഗീയതയെ ചെറുക്കാൻ വേണ്ടത്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. യുവജനത മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരവിതരണവും സ്‌പീക്കർ നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി, ആർ അനിൽകുമാർ, ഇ കെ ശിവൻ, റഷീദ സലിം തുടങ്ങിയവർ സംസാരിച്ചു. ഗായിക റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻഡ് അരങ്ങേറി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2022ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരവും കൈമാറി.
ഇവർ താരങ്ങൾ
സംസ്ഥാന കേരളോത്സവത്തിലെ കലാതിലകപ്പട്ടം കെ വി നന്ദന (കാസർകോട്), ആർ അഭിലക്ഷ്മി (കൊല്ലം), പാർവതി എസ് ഉദയൻ (കൊല്ലം) എന്നിവർ പങ്കിട്ടു. പി ആനന്ദ് ഭൈരവ് ശർമ (കൊല്ലം) കലാപ്രതിഭാ പട്ടം നേടി. ഹസ്സൻ ഷമാസ് (കാസർകോട്) സീനിയർ ബോയ്സ് കായികപ്രതിഭാ പുരസ്കാരവും കെ ആർ അമൃത (വയനാട്), വി അഞ്ജന (പാലക്കാട്) എന്നിവർ സീനിയർ ഗേൾസ് കായികപ്രതിഭാ പുരസ്കാരവും നേടി. വനിതാവിഭാഗം കായികപ്രതിഭാ പുരസ്കാരം ജി ഗായത്രി (പാലക്കാട്), പുരുഷവിഭാഗം കായികപ്രതിഭാ പുരസ്കാരം ശിവപ്രസാദ് പി പ്രസാദ് (കൊല്ലം) എന്നിവരും നേടി. കൂടുതൽ പോയിന്റ് (81) നേടിയ ക്ലബ്ബിനുള്ള ഒന്നരലക്ഷം രൂപയുടെ സമ്മാനം കാസർകോട് നെഹ്‌റു ബാലവേദി ആൻഡ് സർഗവേദി കരസ്ഥമാക്കി. രണ്ടാംസമ്മാനം (75,000 രൂപ) ചങ്ങനാശേരി ക്ലബ് യുവയും മൂന്നാംസമ്മാനം (50,000 രൂപ) തൃശൂർ സ്കോർ സിറ്റി എഫ്സിയും നേടി.








0 comments