ad
Deshabhimani

പൊരുതി നേടും 
സ്വാതന്ത്ര്യവും ഭക്ഷണവും

drama

സംസ്ഥാന കേരളോത്സവത്തിൽ മികച്ച നാടകമായി തെരഞ്ഞെടുത്ത കാസർകോട് ജില്ല അവതരിപ്പിച്ച 'നൂലുകൊണ്ട് മുറിവേറ്റവർ' എന്ന നാടകത്തിൽനിന്ന്

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Apr 10, 2025, 12:38 AM | 1 min read


കൊച്ചി : തെലങ്കാനയിലെ കർഷകരുടെ ദുരിതകഥയിലൂടെ വർത്തമാന ഇന്ത്യൻ യാഥാർഥ്യങ്ങൾ പകർത്തി ‘നൂലുകൊണ്ട്‌ മുറിവേറ്റവർ’ നാടകം. തെലങ്കാന സ്വദേശികളായ സാംബയ്യയുടെയും ഭാര്യ രേവമ്മയുടെയും മകളുടെയും കഥപറഞ്ഞ്‌ കാസർകോട്‌ ജില്ലാ നാടകമത്സരത്തിൽ നാടകം ഒന്നാംസ്ഥാനം നേടിയിരുന്നു. മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരവും അഭിനേതാക്കൾ സ്വന്തമാക്കി.


നെൽകർഷകനായ സാംബയ്യയുടെ ജീവിതമാണ്‌ നാടകം പറയുന്നത്‌. കുത്തക കമ്പനികളുടെ വാക്ക്‌ വിശ്വസിച്ച്‌ സാംബയ്യ പരുത്തിക്കൃഷി തുടങ്ങുന്നു. ഒടുവിൽ കൃഷി നഷ്ടമായി കടക്കെണിയിൽപ്പെട്ട സാംബയ്യ ജീവിതം അവസാനിപ്പിക്കുന്നു. രാജ്യത്തെ ആയിരക്കണക്കിന്‌ കർഷക ആത്മഹത്യകളെയും കർഷകസമരത്തെയും ഓർമിപ്പിച്ചാണ്‌ നാടകം പ്രേക്ഷകഹൃദയങ്ങളിലൂടെ സഞ്ചരിച്ചത്‌. ഒടുവിൽ സാംബയ്യയുടെ മകൾ വീണ്ടും നെൽക്കൃഷി ആരംഭിക്കുന്നതോടെ നാടകം പൂർണമാകുന്നു. സ്വാതന്ത്ര്യവും ഭക്ഷണവും പൊരുതി നേടാൻ കർഷകർ ഒന്നിക്കണമെന്ന സന്ദേശമാണ്‌ നാടകം പകർന്നത്‌.


തെലങ്കാനയിൽ 1990ൽ നടന്ന സംഭവകഥയാണ്‌ നാടകത്തിന്‌ ആധാരമെന്ന്‌ സംവിധായകൻ ചന്ദ്രൻ കരുവാക്കോട്‌ പറയുന്നു. സുധ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന ലേഖനം അവലംബമാക്കി ഇ വി ഹരിദാസാണ്‌ നാടകം രചിച്ചത്‌.


സാംബയ്യയെ അവതരിപ്പിച്ച വിനീഷ്‌ ബാബുവിനെ മികച്ച നടനായി തെരഞ്ഞെടുത്തു. രേവമ്മയെ അവതരിപ്പിച്ച കാശിഷ്‌ മുകേഷും മകളെ അവതരിപ്പിച്ച ഗായത്രി ഗോപാലും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കുവച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകമത്സരത്തിൽ നാടകം രണ്ടാംസ്ഥാനം നേടിയിരുന്നു. പെരളശേരിയിൽ നടന്ന എ കെ ജി പുരസ്‌കാര നാടകമത്സരത്തിൽ ഒന്നാംസ്ഥാനവും മികച്ച നടനും നാടകം സ്വന്തമാക്കി.


keralolsavam



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home