സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയത്തിൽ ഗുരുതര അനാസ്ഥ; വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയ പ്രക്രിയയിൽ ഗുരുതരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നതെന്നും, വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി.
ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളെ ഉത്കണ്ഠയിലേക്കും ഭാവിയെക്കുറിച്ചുള്ള കടുത്ത അനിശ്ചിതത്വത്തിലേക്കും തള്ളിവിട്ടുകൊണ്ടാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷാ ഫലം പുറത്തുവിട്ടിരിക്കുന്നതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി.
സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്ക്രീൻ മാർക്കിംഗ്' സംവിധാനം ഗുരുതരമായ അപാകതകൾ നിറഞ്ഞതായിരുന്നു. വിജയശതമാനത്തിലുണ്ടായ പെട്ടെന്നുള്ള ഇടിവ്, മാർക്കുകളിലെ ഞെട്ടിപ്പിക്കുന്ന പൊരുത്തക്കേടുകൾ, മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പോലും വലിയ തോതിൽ മാർക്ക് കുറഞ്ഞ സാഹചര്യം എന്നിവ സുതാര്യമല്ലാത്തതും വിദ്യാർത്ഥി വിരുദ്ധവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെയാണ് തുറന്നുകാട്ടുന്നത്.
പരീക്ഷാ ഫലത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും പങ്കുവെച്ച് വിദ്യാർത്ഥികൾ കുറിപ്പുകൾ എഴുതുന്നത് വലിയ ആശങ്ക ഉളവാക്കുന്നതാണെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.
പതിനായിരക്കണക്കിന് ഉത്തരക്കടലാസുകൾ വീണ്ടും സ്കാൻ ചെയ്യാനും പതിമൂവായിരത്തോളം ഉത്തരക്കടലാസുകൾ മാനുവലായി വീണ്ടും മൂല്യനിർണ്ണയം നടത്താനും ബോർഡ് നിർബന്ധിതരായി എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സിബിഎസ്ഇക്കും കേന്ദ്ര മന്ത്രാലയത്തിനും ഒഴിഞ്ഞുമാറാനാകില്ല.
ഇത് കേന്ദ്രം ന്യായീകരിക്കുന്നത് പോലെ ഒറ്റപ്പെട്ട സാങ്കേതിക പിഴവില്ലെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു. കൃത്യതയില്ലാത്തതും അപാകതകൾ നിറഞ്ഞതുമായ ഭരണപരമായ പരിഷ്കാരനടപടികൾക്ക് വിദ്യാർത്ഥികളെ പരീക്ഷണവസ്തുക്കളാക്കുവാൻ അനുവദിക്കുകയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വിദ്യാർത്ഥികളെ നിരന്തരം വഞ്ചിക്കുകയും അവരുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കും നടപടികൾക്കുമെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയിലൂടെ അറിയിച്ചു.









0 comments