ജികോംപ്രിസിൽ കേരളത്തിന്റെ കൈയൊപ്പ്: തമിഴ്, കന്നഡ ഉള്ളടക്കങ്ങൾ കൈമാറി കൈറ്റ്

കൈറ്റ് തയ്യാറാക്കിയ ജികോംപ്രിസിന്റെ- കന്നട ഇന്റർഫേസുകൾ
തിരുവനന്തപുരം: ലോകപ്രശസ്ത വിദ്യാഭ്യാസ-വിനോദ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ‘ജികോംപ്രിസ്'ലേക്ക് തമിഴ്, കന്നഡ ഭാഷകളിലെ വിപുലമായ ഉള്ളടക്കങ്ങൾകൂടി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). കേരളത്തിലെ തമിഴ്, കന്നഡ മീഡിയം വിദ്യാർഥികൾക്കായി കൈറ്റ് വികസിപ്പിച്ചെടുത്ത തർജിമകളും വോയ്‌സ് ഓവറുകളുമാണ് ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാകുന്ന ജികോംപ്രിസിന്റെ പുതിയ പതിപ്പിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ 'കളിപ്പെട്ടി' ഐസിടി പാഠപുസ്തകത്തിലെ പ്രധാന എഡ്യൂടൈൻമെന്റ് സോഫ്റ്റ്‌വെയറാണ് ജികോംപ്രിസ്. ഇന്ത്യൻ ഭാഷകളിൽ സംസ്കൃതത്തിനും മലയാളത്തിനുമപ്പുറം മറ്റ് പ്രാദേശിക ഭാഷകളിൽ ജികോംപ്രിസ് റെപ്പോസിറ്ററി ഇത്ര വിപുലമായി ലഭ്യമായിരുന്നില്ല. തമിഴ്, കന്നഡ മാധ്യമങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കൈറ്റ് സ്വന്തമായി വികസിപ്പിച്ച ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെയാണ് ഈ കുറവ് ഇതുവരെ പരിഹരിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ കൈറ്റ് സന്ദർശിച്ച ജികോംപ്രിസ് കോ- മെയിന്റനർ ടിമോത്തെ ജിയറ്റിന്റെ അഭ്യർഥനപ്രകാരമാണ് ഇത്തരത്തിൽ ഉള്ളടക്കം കൈമാറിയത്. ഇതിന്റെ ഭാഗമായി തമിഴിൽ 1544-ഉം കന്നഡയിൽ 1582-ഉം ഇന്റർഫേസ് തർജിമകളും വോയ്‌സ് ഓവറുകളും കൈറ്റ് വിദഗ്ധർ തയ്യാറാക്കി. പത്തുവയസ്സുവരെയുള്ള കുട്ടികൾക്ക് അക്കം, അക്ഷരം, വായന, ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ കളികളിലൂടെ പഠിക്കാൻ സഹായിക്കുന്ന ഇരുനൂറോളം പ്രവർത്തനങ്ങൾ ജികോംപ്രിസിലുണ്ട്. ലോകത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരേസമയം ഇത്രയധികം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നത് കേരളത്തിലാണെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.










0 comments