ad
Deshabhimani

ആവി പിടിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ്‌ വിദ്യാര്‍ഥി മരിച്ചു

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 21, 2026, 10:23 PM | 1 min read

തൃശൂർ: ആവി പിടിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ്‌ പൊള്ളലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നടത്തറ നെല്ലാനി സ്വദേശി കളപുരയ്ക്കൽ എയ്ഞ്ചലോ (14) ആണ് മരിച്ചത്. ഞായര്‍ പകൽ 11ന്‌ ശേഷമാണ് അപകടം.


രണ്ടു ദിവസമായി പനിയും ജലദോഷവുമുണ്ടായിരുന്ന എയ്ഞ്ചലോക്ക് ആവി പിടിക്കുന്നതിനായി വെള്ളം ചൂടാക്കി ഹാളിൽ വെച്ച ശേഷം അച്ഛൻ മെയ്ജോ മറ്റ്‌ രണ്ടുമക്കൾക്കും അമ്മയ്‌ക്കുമൊപ്പം വീടിനടുത്തുള്ള റബർ തോട്ടത്തിലേക്ക് പോയി. ഹൃദയശസ്ത്രക്രിയ്ക്കുശേഷം അടുത്തമുറിയില്‍ വിശ്രമിക്കുന്ന മെയ്ജോയുടെ അച്ഛന്‍മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പന്ത്രണ്ടോടെ മെയ്ജോ വീട്ടിലെത്തിയപ്പോഴാണ് എയ്ഞ്ചലോ പൊള്ളലേറ്റ് അബോധാവസ്ഥയില്‍ നിലത്തുകിടക്കുന്നത് കണ്ടത്. സമീപത്ത് ആവിപിടിക്കാന്‍ വച്ചിരുന്ന പാത്രം വീണുകിടക്കുന്നുണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


എയ്ഞ്ചലോയ്ക്ക് ചെറുപ്പത്തിൽ അപസ്‌മാരം ഉണ്ടായിരുന്നതായും പനി കൂടിയപ്പോൾ വീണ്ടും അപസ്‌മാരം വന്നതാകാം പൊള്ളേലേല്‍ക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. ഇറ്റലിയിലുള്ള അമ്മ സെബ നാട്ടിലെത്തിയശേഷം എയ്ഞ്ചലോയുടെ സംസ്കാരം നടക്കും. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്. ക്രിസ്റ്റി, മിഖായേൽ എന്നിവരാണ് സഹോദരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home