ആദ്യമായാണ് ഒരു സംസ്ഥാനം ലേബർ കോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്
print edition പോരാട്ടം നയിക്കാൻ കേരളം ; ലേബർ കോഡുകൾക്ക് വഴങ്ങില്ല

തിരുവനന്തപുരം
തൊഴിലാളികളുടെ മൗലികാവകാശം കവര്‍ന്നെടുക്കുന്ന ലേബർ കോഡുകൾക്ക് വഴങ്ങില്ലെന്നും ഇതിനെതിരായ പോരാട്ടങ്ങൾക്ക് കേരളം നേതൃത്വം നൽകുമെന്നും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദേശീയ ലേബർ കോൺക്ലേവ്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം തുടരും. ഇതു സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. കേന്ദ്ര സർക്കാർ നാല് ലേബർ കോഡുകൾ പാസാക്കിയശേഷം രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതിനെതിരെ പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര ലേബര്‍ കോഡുകളിലെ തൊഴിലാളിവിരുദ്ധത ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയന്‍ പ്രതിനിധികളോടൊപ്പം സംസ്ഥാന തൊഴില്‍മന്ത്രി കേന്ദ്ര തൊഴിൽമന്ത്രിയെ നേരിൽ കാണും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേശീയതലത്തില്‍ ഉന്നയിക്കാനും സമ്മര്‍ദം ചെലുത്താനും കേരള സര്‍ക്കാര്‍ നേതൃത്വം നല്‍കും. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയായി തുടരും. ഐടി, ഗിഗ് ഇക്കോണമി, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും.
29 പ്രധാന തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് കേന്ദ്രം കൊണ്ടുവന്ന നാല് ലേബര്‍ കോഡുകള്‍ തൊഴിലാളി താല്‍പ്പര്യമല്ല, കോര്‍പ്പറേറ്റ് താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് കോൺക്ലേവ് വിലയിരുത്തി. ഇത് അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ്.
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കാതെയും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്താതെയുമാണ് നിയമം അടിച്ചേല്‍പ്പിച്ചത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബര്‍ കോഡുകള്‍ക്ക് അനുകൂലമായി നിയമഭേദഗതി വരുത്തിയപ്പോള്‍, തൊഴിലാളി വിരുദ്ധമായ ഒരു ഭേദഗതിയും വരുത്തില്ലെന്ന ഉറച്ച നിലപാടിലാണ് കേരളം. തൊഴില്‍ എന്നത് ഭരണഘടനയുടെ സമവർത്തി പട്ടികയിൽ ഉള്‍പ്പെട്ട വിഷയമായതിനാല്‍, സര്‍ക്കാര്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
തൊഴിൽ വകുപ്പും കിലയും ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊണ്ണൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ട്രേഡ് യൂണിയൻ ഭാരവാഹികളും നിയമ വിദഗ്‌ധരും അടക്കം പങ്കെടുത്ത കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
ലേബർ കോഡുകൾ പഠിക്കാൻ ജസ്റ്റിസ് ഗോപാലഗൗഡ സമിതി
ലേബർ കോഡിനെക്കുറിച്ച് പഠിക്കാനും പ്രത്യാഘാതങ്ങൾ മനസിലാക്കി പരിഹാരമാർഗം നിർദ്ദേശിക്കാനും മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന സമിതി രൂപീകരിക്കാൻ ലേബർ കോൺക്ലേവ് തീരുമാനിച്ചു. സുപ്രീംകോടതി മുൻ ജഡ്‌ജി ജ. ഗോപാലഗൗഡ അധ്യക്ഷനായി സമിതിയിൽ പ്രൊഫ. ശ്യാംസുന്ദർ, വർക്കിച്ചൻ പേട്ട എന്നിവരാണ് അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾകൂടി സമിതിയുടെ ഭാഗമായിരിക്കും. ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.










0 comments