ad
Deshabhimani

print edition കേരളത്തിൽ ജിഎസ്‌ടി വരുമാനനേട്ടം; കഴിഞ്ഞമാസം 55 % വളർച്ച

GST

പ്രതീകാത്മക ചിത്രം

avatar
ഒ വി സുരേഷ്‌

Published on May 04, 2026, 12:37 AM | 2 min read

തിരുവനന്തപുരം: നടപ്പുസാമ്പത്തികവർഷം ആദ്യമാസത്തിൽ സംസ്ഥാനത്തെ ചരക്കുസേവന നികുതി (ജിഎസ്‌ടി) വരുമാനത്തിൽ വൻ വർധന. 3,502 കോടിരൂപയാണ്‌ ജിഎസ്‌ടി. 2025 ഏപ്രിലിൽ 2252 കോടിയായിരുന്നു. 55 ശതമാനമാണ്‌ വളർച്ച. മികച്ച നേട്ടമുണ്ടാക്കിയ വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്‌ കേരളം.


നികുതിപിരിവിലെ കാര്യക്ഷമതയും ഇന്റലിജന്റ്‌സ്‌ വിഭാഗത്തിന്റെ തുടർച്ചയായ പരിശോധനയും കുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇളവുകളും വർധനവിന്‌ സഹായകമായി. കേന്ദ്രസർക്കാർ ജിഎസ്‌ടി നിരക്ക്‌ പരിഷ്‌കരിച്ചതിലൂടെയുണ്ടായ വരുമാന നഷ്ടത്തിനിടയിലാണ്‌ ഇ‍ൗ നേട്ടം.


കഴിഞ്ഞവർഷം സംസ്ഥാനങ്ങൾക്കിടയിൽ നികുതി വരുമാനം വീതംവച്ചപ്പോൾ, അധികമായി നൽകിയെന്നുപറഞ്ഞ്‌ 935 കോടിരൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ആ കുറവ്‌ ഇ‍ൗ വർഷം ഇല്ല. ജിഎസ്‌ടി ഇതര മേഖലയിൽനിന്നുള്ള വരുമാനത്തിലും വർധനയുണ്ട്‌. അത്‌ പ്രത്യക്ഷത്തിൽ കാണില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ 1261.39 കോടിയായിരുന്നു ജിഎസ്‌ടി ഇതര മേഖലയിൽനിന്നുള്ള വരുമാനം. ഇ‍ൗ ഏപ്രിലിൽ അത്‌ 288.59 കോടിയാണ്‌. പെട്രോളിയം കമ്പനികൾ, ബിവറജേസ്‌ കോർപറേഷൻ എന്നിവയിൽനിന്ന്‌ മാർച്ചിൽ 3000 കോടിയോളം രൂപ സർക്കാർ മുൻകൂട്ടി വാങ്ങിയതാണ്‌ ഏപ്രിലിലെ കണക്കിലുള്ള കുറവ്‌. എങ്കിലും 10 ശതമാനമാണ്‌ വളർച്ച.


കഴിഞ്ഞ സാമ്പത്തികവർഷാവസാനം മാർച്ചിൽ 2,860 കോടിയായിരുന്നു ജിഎസ്‌ടി വരുമാനം. 2025 മാർച്ചിലെ 2,731 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു ശതമാനമാണ്‌ വളർച്ച. 2025 മേയിൽ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധിച്ച്‌ രാജ്യത്ത് വളർച്ചാ നിരക്കിൽ മൂന്നാംസ്ഥാനത്തെത്തിയിരുന്നു. 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ 18 ശതമാനം വളർച്ചയോടെ 3,826 കോടിയാണ്‌ വരുമാനം. 2025–-26 സാമ്പത്തിക വർഷം കേരളത്തിന്റെ ആകെ നികുതി വരുമാനം 3790.77 കോടിയായി ഉയർന്നു. കഴിഞ്ഞഏപ്രിലിൽ 3498.65 കോടിയായിരുന്നു. കേരളത്തിന്‌ കേന്ദ്രത്തിന്റെ നികുതി വിഹിതം പതിനാറാം ധനകമീഷൻ 1.92 ശതമാനത്തിൽനിന്ന്‌ 2.38 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്‌. അതിനാൽ ഇ‍ൗ വർഷം 36,355 കോടിയോളം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.


ഐജിഎസ്‌ടിയിൽ 142.62% വർധന


ഉപഭോക്‌തൃ സംസ്ഥാനമെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തുമ്പോൾ ഈടാക്കുന്ന ഐജിഎസ്ടിയുടെ വലിയ വിഹിതം കേരളത്തിന് അവകാശപ്പെട്ടതാണ്. ഇത് കൃത്യമായി പിരിച്ചെടുക്കുന്നുണ്ട്‌. നികുതി വകുപ്പ് പുനഃസംഘടിപ്പിച്ചതോടെ, ഐജിഎസ്ടി കൃത്യമായി നിരീക്ഷിക്കാനും അവകാശപ്പെട്ട വിഹിതം നേടിയെടുക്കാനും സാധിച്ചു.


മുൻവർഷങ്ങളെ അപേക്ഷിച്ച് ഐജിഎസ്ടി സെറ്റിൽമെന്റിൽ 18 മുതൽ 24 ശതമാനംവരെയാണ്‌ പല മാസങ്ങളിലേയും വർധന. 1784.29 കോടിയാണ്‌ ഏപ്രിലിലെ ഐജിഎസ്‌ടി വരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ 1700.57 കോടിയായിരുന്നു. എന്നാൽ, സെറ്റിൽമെന്റ്‌ അഡ്‌ജസ്‌റ്റ്‌മെന്റ്‌ എന്ന പേരിൽ 735.41 കോടി മാത്രമാണ്‌ കേന്ദ്രം നൽകിയത്‌. എങ്കിലും ഇത്തവണ 142.62 ശതമാനമാണ്‌ വർധന.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home