ad
Deshabhimani

നിർമാണോദ്‌ഘാടനം ഇന്ന്‌

വടകരയിൽ വരുന്നു ആദ്യ റൂറൽ ജയിൽ

rural district jail

റൂറൽ ജില്ലാ ജയിൽ രൂപരേഖ

avatar
സ്വന്തം ലേഖകൻ

Published on Mar 05, 2026, 10:41 AM | 1 min read

വടകര: സംസ്ഥാനത്തിന് മാതൃകയായി ആദ്യ റൂറൽ ജില്ലാ ജയിലിന് വടകരയിൽ തുടക്കമാവുന്നു. ജില്ലാ ജയിൽ എന്ന സങ്കൽപ്പത്തിൽ നിന്നുമാറി അന്തേവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയാണ് റൂറൽ ജയിലുകൾ എന്ന പുതിയ ആശയത്തിന് തുടക്കംകുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർമാണോദ്ഘാടനം നിർവഹിച്ചു. 18 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജയിലിന്റെ ചുറ്റുമതിലും പ്രധാന കവാടവും ഉൾപ്പെടുന്ന 2.35 കോടി രൂപയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ഇറിഗേഷൻ വകുപ്പ് ജയിൽ വകുപ്പിന് കൈമാറിയ, പുതുപ്പണം ജില്ലാ പൊലീസ് മേധാവി കാര്യാലയത്തിന് സമീപത്തെ 60 സെന്റിലാണ്‌ റൂറൽ ജില്ലാ ജയിൽ സ്ഥാപിക്കുന്നത്. 40 സെന്റ്‌ പാർക്കിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഏറ്റെടുക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്.

മൂന്നുനിലകളിലായി നിർമിക്കുന്ന ജയിലിൽ ലിഫ്റ്റ്, വീഡിയോ കോൺഫറൻസ് റൂം, ഓഫീസ് മുറികൾ, ഇന്റർവ്യൂ റൂം, യോഗ ഹാൾ, ലൈബ്രറി, രണ്ടുനിലകളിലായി സെല്ലുകൾ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കും. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയൽ സ്റ്റാഫ്, 150ഓളം ജയിൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് കൃത്യനിർവഹണത്തിനുള്ള സൗകര്യവും റൂറൽ ജില്ലാ ജയിലിലുണ്ടാകും. ലഹരിക്കേസിൽ ശിക്ഷയനുഭവിക്കുന്നവരെ പാർപ്പിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുമുണ്ടാകും. ജോയിന്റ്‌ സൂപ്രണ്ട് റാങ്കിലുള്ള ഓഫീസറാവും ജയിൽ മേധാവി.

വടകര റവന്യൂ ടവറിനായി രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്താണ് നിലവിൽ വടകര സബ് ജയിൽ പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് നിർമിച്ച ജയിലിൽ 14 പേരെമാത്രം താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ 34 പേർ ഇവിടെയുണ്ട്. ചുറ്റുമതിൽ ഉൾപ്പെടെയില്ലാത്ത സബ് ജയിലിൽ പരിമിതിയേറെയുണ്ട്. ജയിൽ സുരക്ഷാഭീതിയും നിലവിലുണ്ട്. റൂറൽ ജില്ലാ ജയിൽ യാഥാർഥ്യമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കുറ്റവാളികളുടെ തെറ്റുതിരുത്തലിനുള്ള മാതൃകാകേന്ദ്രമായി റൂറൽ ജില്ലാ ജയിൽ മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home