എഎംആറിൽ സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം അമേരിക്കൻ ജേണലിൽ വരുന്നത് ആദ്യം
കേരളത്തിന്റെ എഎംആർ പ്രവർത്തനം ആഗോള ശ്രദ്ധയിൽ; സംസ്ഥാനത്തിന്റെ നയത്തെക്കുറിച്ച് ലേഖനം അമേരിക്കൻ ജേണലിൽ

തിരുവനന്തപുരം: കേരളത്തിന്റെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടി. 'When policy makers have your back: The Kerala experience with state wide antimicrobial resistance mitigation efforts' എന്ന എഎംആർ സംബന്ധിച്ച ആർട്ടിക്കിൾ അമേരിക്കൻ സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമോളജിയുടെ (SHEA) ജേണലിൽ പ്രസിദ്ധീകരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസാണ് ഇതിന്റെ പ്രസാധകർ.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കൾ മരുന്നിന് മേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ഇതിനെതിരെ കേരളം നടത്തുന്ന പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും വിവരിക്കുന്നതാണ് ലേഖനം. പ്രത്യേകിച്ച് സർക്കാരിന്റെ നയവും നിലപാടും എങ്ങനെ ഈ പ്രവർത്തനങ്ങളെ സാധ്യമാക്കുന്നു എന്നതാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

എഎംആറിൽ ഒരു സ്റ്റേറ്റിന്റെ നയവും പ്രവർത്തനവും സംബന്ധിച്ച ലേഖനം ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിക്കുന്നത് ആദ്യമായിട്ടാണ്. അതിഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു ആരോഗ്യ പ്രതിസന്ധിയാണ് എഎംആർ. ഈ ആഗോള ഭീഷണിയെ നേരിടാൻ സർക്കാരുകൾ രാഷ്ട്രീയ ഇച്ഛാശക്തിയും (പൊളിറ്റിക്കൽ വിൽ) പ്രതിബദ്ധതയും (പൊളിറ്റിക്കൽ കമിറ്റ്‌മെന്റ്) പ്രകടിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയും യുഎൻ ജനറൽ അസംബ്ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഇച്ഛാശക്തിയുടെ ഒരു മികച്ച ഉദാഹരണമാണ് കേരള സർക്കാരിന്റെ പ്രവർത്തനമെന്ന് ആർട്ടിക്കിൾ വ്യക്തമാക്കുന്നു.
കേരളത്തിന് ഇത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിന്റെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ അടയാളമായി കൂടി ഇതിനെ കാണുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. ഇതോടൊപ്പം എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം ശക്തമായ നടപടികളും സ്വീകരിച്ചു വരുന്നു.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലക്കവറിൽ മാത്രമേ നൽകാൻ പാടുള്ളൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഫാർമസികളും ഇത് നടപ്പിലാക്കണം. കൂടുതൽ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി അവബോധം നൽകി.
ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആർ സർവൈലൻസ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിയ എൻപ്രൗഡ് സംസ്ഥാന വ്യാപകമാക്കുന്നതാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷം കൊണ്ട് എല്ലാ ജില്ലകളിലും എഎംആർ ലാബുകൾ സ്ഥാപിക്കാനായി.
ആന്റിബയോട്ടിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഡിസംബറോടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളെല്ലാം ക്രോഡീകരിച്ച് ഒരു ആർട്ടിക്കിൾ പ്രമുഖ അന്താരാഷ്ട്ര ജേണലിൽ വരുന്നത് അഭിമാന നിമിഷമാണ്.









0 comments