Deshabhimani

നാളെ ക്ഷീരദനം

കാലിത്തീറ്റ വില കുതിക്കുന്നു, പാലിന് ന്യായവില ഉറപ്പാക്കണം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

Keralam Dairy Sector
വെബ് ഡെസ്ക്

Published on Nov 25, 2026, 02:50 PM | 2 min read

തിരുവനന്തപുരം : നാളെ ക്ഷീരദിനം ആചരിക്കാനിരിക്കെ സംസ്ഥാനത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. കാലിത്തീറ്റയുടെ വിലയും ഉൽപാദനച്ചെലവും വർധിച്ചതിനൊപ്പം തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും ക്ഷീരകർഷകരെ ബാധിച്ചു. ചെലവിനനുസരിച്ച് പാലിന് സംഭരണവില ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ക്ഷീരമേഖലയുടെ നിലനിൽപ്പിന് പാലിന് ന്യായവില ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.


ആവശ്യത്തിന് പച്ചപ്പുല്ലും തീറ്റപ്പുല്ലും ലഭിക്കാത്തതിനാൽ ഉയർന്ന വില നൽകി തീറ്റ വാങ്ങേണ്ട സ്ഥിതിയിലാണ് പല കർഷകരും. പിണ്ണാക്ക്, തവിട്, മറ്റ് കാലിത്തീറ്റ ഉല്പന്നങ്ങൾ എന്നിവയുടെ വിലയാണെങ്കിൽ കുത്തനെ ഉയരുകയാണ്. ഇതിനു പുറമെ, തീറ്റപ്പുൽ കൃഷിയുടെ ചെലവ് ഉയരുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. തൊഴിലാളികളുടെ കൂലി വർധിച്ചതും പശുവളർത്തൽ സംരംഭമായി തെരഞ്ഞെടുത്തവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


കാലിത്തീറ്റയ്ക്കും പുല്ലിനും പുറമേ പശുക്കളുടെ പരിപാലനം, മരുന്ന്, ചികിത്സ, വൈദ്യുതി തുടങ്ങിയ ചെലവുകളും വർധിക്കുകയാണ്. ഒരു ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ ചെലവാകുന്ന തുക വർധിക്കുമ്പോഴും അതിനനുസരിച്ച് പാൽ സംഭരണവില ഉയരുന്നില്ല. അർഹമായ വരുമാനം ലഭിക്കാത്തത് ചെറുകിട ക്ഷീരകർഷകരെയാണ് കൂടുതൽ ബാധിച്ചത്.


കർഷകരിൽ നിന്ന് ലഭിക്കുന്ന പാലിന്റെ അളവ് കുറയുന്നത് ക്ഷീര സഹകരണ സംഘങ്ങളെയും നേരിട്ട് ബാധിക്കുന്നുണ്ട്. പാൽ സംഭരണം കുറയുമ്പോഴും ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, കെട്ടിട വാടക, വാഹന ചെലവ് തുടങ്ങിയ സ്ഥിരം ചെലവുകൾ വർധിക്കുകയാണ്. ചില സംഘങ്ങൾ പ്രവർത്തന ചെലവ് കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന സ്ഥിതിയിലാണ്.


കേന്ദ്രത്തിന്റെ എഥനോൾ നയവും കാലിത്തീറ്റ വിലവർധനയും


കേന്ദ്ര സർക്കാരിന്റെ എഥനോൾ പദ്ധതിയുടെ ഭാ​ഗമായി ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് കാലിത്തീറ്റയുടെ വില വർധിക്കാൻ പ്രധാന കാരണം. ചോളം ഉപയോ​ഗിച്ച് എഥനോൾ ഉല്പാദിപ്പിക്കുന്നത് വർധിച്ചതോടെ കാലിത്തീറ്റ ഉല്പാദിപ്പിക്കാൻ ആവശ്യമായ ചോളം ലഭിക്കുന്നതിന് തടസമായി. ഇതോടെ കാലിത്തീറ്റയുടെ വില കുത്തനെ വർധിച്ചു.


പാലിന് ന്യായവില ഉറപ്പാക്കണം


കാലിത്തീറ്റ വിലയിലെ വർധനയും ഉല്പാദനച്ചെലവും കണക്കിലെടുത്ത് പാലിന്റെ വില പുനർനിർണയിക്കണമെന്നാണ് ക്ഷീരകർഷകരുടെ പ്രധാന ആവശ്യം. സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുക, തീറ്റപ്പുൽ കൃഷിക്ക് പ്രത്യേക ധനസഹായം അനുവദിക്കുക, പച്ചപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കുക, പശുക്കളുടെ ചികിത്സയ്ക്കും പരിപാലനത്തിനും കൂടുതൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ നടപടികളും അടിയന്തരമായി നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.


ക്ഷീരകർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന വിലയിൽ പാൽ ലഭ്യമാക്കുകയും വേണം. ഇതിനായി സർക്കാരും ക്ഷീരവികസന വകുപ്പും സമഗ്രമായ ഇടപെടൽ നടത്തേണ്ടതുണ്ട്. ഈ ക്ഷീരദിനം ക്ഷീരകർഷകരുടെ ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമാകണം. കർഷകരുടെ അധ്വാനത്തിന് അർഹമായ പ്രതിഫലം ഉറപ്പാക്കാതെ ക്ഷീരമേഖലയ്ക്ക് മുന്നോട്ടുപോകാനാകില്ല. ഒരുകാലത്ത് ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമായിരുന്നു ക്ഷീരമേഖല. പുതിയ തലമുറ പശുവളർത്തലിൽ നിന്ന് മാറി നിൽക്കുന്നതും നിലവിലുള്ള കർഷകർ തൊഴിൽ ഉപേക്ഷിക്കുന്നതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. അതുകൊണ്ടുതന്നെ ക്ഷീരമേഖലയിലെ പ്രതിസന്ധി കർഷകരുടെ മാത്രം പ്രശ്നമല്ല, നാളത്തെ ക്ഷീരമേഖലയുടെ നിലനിൽപ്പിന്റെ കൂടി വിഷയമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supplyco

03

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
Haripad PS

04

print edition ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ മതാഘോഷം: അന്വേഷണത്തിന്‌ ഉത്തരവ്‌
deshabhimani section

Recommended

Deshabhimani
Home