ad
Deshabhimani

കേരളത്തിൽ 150 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നു; ജനങ്ങളെ വലച്ച് പിൻകോഡ് മാറ്റം

Post office.jpg
വെബ് ഡെസ്ക്

Published on Jan 19, 2026, 08:23 PM | 1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പോസ്റ്റൽ പുനഃസംഘടനാനയത്തിന്റെ ഭാഗമായി കേരളത്തിൽ 150 പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കാനുള്ള നീക്കം സജീവമാകുന്നു. തപാൽ വകുപ്പിന്റെ പുതിയ പരിഷ്‌കരണം അനുസരിച്ച് സംസ്ഥാനത്തെ വിവിധ ഡിവിഷനുകളിലായി 36 പോസ്റ്റ് ഓഫീസുകൾ ഇതിനകം തന്നെ പൂട്ടിക്കഴിഞ്ഞു.


വരുമാനക്കുറവും നഗര-ഗ്രാമ ദൂരപരിധി സംബന്ധിച്ച പുതിയ നിർദ്ദേശങ്ങളുമാണ് അടച്ചുപൂട്ടലിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ നടപടി നിലവിൽ വരുന്നതോടെ ഓരോ പ്രദേശത്തിന്റെയും പിൻകോഡ് മാറുമെന്നതാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്നത്.


പിൻകോഡ് മാറുന്നത് ആധാർ കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ സുപ്രധാന രേഖകളിലെല്ലാം മേൽവിലാസം പുതുക്കേണ്ടി വരുന്നതിന് കാരണമാകും. ഇത് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക.


നിലവിൽ വീടിനടുത്ത് ലഭ്യമായിരുന്ന സേവിങ്സ് ബാങ്ക്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയ്ക്കായി ഇനി കിലോമീറ്ററുകൾ താണ്ടി വലിയ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും. തപാൽ വിതരണ മേഖലയെ ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.


നഗരങ്ങളിൽ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലും ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലും ഒന്നിലധികം ഓഫീസുകൾ പാടില്ലെന്ന കർശന നിർദ്ദേശമാണ് പുനഃസംഘടനയ്ക്കായി നൽകിയിട്ടുള്ളത്.


കാസർകോട് തളങ്കര, കണ്ണൂർ ചാലാട് തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്റ് ഓഫീസുകൾ പൂട്ടുന്നതിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു. ജനങ്ങളുടെ സ്വത്തായ പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് ഉയരുന്ന ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home