സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് ഇഡി മരവിപ്പിച്ചു

കൊച്ചി: 'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കർശന നടപടി. നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് എത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയ്ക്ക് പ്രതിഫലമായി ഒരു കോടി രൂപയോളം ലഭിച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
ഈ തുക തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് മരവിപ്പിക്കൽ നടപടി. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ ജയസൂര്യയെയും ഭാര്യയെയും നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.
നൂറുകണക്കിന് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിച്ച കേസിലെ മുഖ്യപ്രതി തൃശൂർ സ്വദേശി സ്വാതിക് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കേന്ദ്ര ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്.
സിനിമയിൽ നിന്നുള്ള മറ്റ് പ്രമുഖർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്നും ഇഡി പരിശോധിച്ച് വരികയാണ്. അതേസമയം, താൻ നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ലെന്നും ലേല ആപ്പിന്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജയസൂര്യയുടെ പ്രതികരണം.











0 comments