ആലപ്പുഴയിൽ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ ക്രിസ്മസ് തലേന്ന് കരോൾ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രദേശത്തെ 'യുവ', 'ലിബർട്ടി' എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങളാണ് ഏറ്റുമുട്ടിയത്.
യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഒരു വിഭാഗം പ്രവർത്തകർ രൂപീകരിച്ച ക്ലബ്ബാണ് ലിബർട്ടി ക്ലബ്ബ്. കരോൾ പര്യടനത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് പിന്നീട് വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
മർദ്ദനമേറ്റ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശത്ത് നിലവിൽ ശാന്തത നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments