സമഗ്രശിക്ഷാ അഭിയാൻ; കേന്ദ്രം കേരളത്തിന് നൽകാനുള്ളത് 1,148 കോടി രൂപ

തിരുവനന്തപുരം : സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്നും കേരളത്തിന് കുടിശികയടക്കം 1,148 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സമഗ്രശിക്ഷാ അഭിയാൻ വഴി കഴിഞ്ഞ വർഷം 37,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യേണ്ടിയിരുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 27,833 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി. ഇതിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല.
കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ള എസ്എസ്കെ ഫണ്ട് മുൻ വർഷത്തെ കുടിശ്ശികയടക്കം 1,148 കോടി രൂപയാണ്. എന്നാൽ ഉത്തർപ്രദേശിന് 4,487 കോടി രൂപയും ഗുജറാത്തിന് 847 കോടി രൂപയും ജാർഖണ്ഡിന് 1,073 കോടി രൂപയും കേന്ദ്രം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സാമ്പത്തിക പ്രതിരോധം കൊണ്ട് ബുദ്ധിമുട്ടിച്ചിട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സൂചികകളിൽ കേരളം പ്രഥമ ശ്രേണിയിൽ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്.
ഇപ്പോൾ സമഗ്രശിക്ഷാ കേരളയിൽ 6817 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. പ്രതിമാസം 20 കോടിയോളം രൂപ ശമ്പളയിനത്തിൽ ഇവർക്ക് നൽകി വരുന്നു. ഇതു കൂടാതെ വിദ്യാർഥികൾക്കുള്ള യൂണിഫോം, ടെക്സ്റ്റ് ബുക്ക്, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചിലവും സംസ്ഥാന സർക്കാരാണ് ഇപ്പോൾ നടത്തി വരുന്നതെന്നും കൺവെൻഷൻ വിളിച്ചു ചേർത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments