കേരളം പഞ്ചാബിന് വൈദ്യുതി നൽകും

സ്വന്തം ലേഖിക
Published on Jun 17, 2025, 12:49 AM | 1 min read
തിരുവനന്തപുരം: കാലവർഷം ശക്തമായതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, മിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷന് നൽകാൻ കെഎസ്‌ഇബി. പഞ്ചാബിലെ പ്രതിസന്ധി രൂക്ഷമായതോടെയാണ് അടുത്ത വർഷം ഏപ്രിലിൽ തിരിച്ച് നൽകാമെന്ന വ്യവസ്ഥയിൽ 300 മെഗാവാട്ട് വൈദ്യുതി ആഗസ്തുവരെ നൽകാൻ തീരുമാനിച്ചത്. ജലവൈദ്യുതി നിലയങ്ങളിൽ ഉൽപ്പാദനം വർധിച്ചതിനാലും മുൻകരുതലിലൂടെ കെഎസ്ഇബി ടെൻഡർ വഴി നേടിയതിനാലുമാണ് വൈദ്യുതി നൽകുന്നത്. കേരളത്തിലെ വൈദ്യുതി ഉപയോഗത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനനുസരിച്ച് നൽകുന്ന വൈദ്യുതിയിലും മാറ്റം വരാം.
ഏപ്രിലിൽ പഞ്ചാബിൽനിന്ന് വാങ്ങിയ 150 മെഗാവാട്ട് വൈദ്യുതി തിരികെ നൽകുന്നുണ്ട്. ഉത്തരേന്ത്യയിൽ ചൂട് കൂടിയതോടെ പഞ്ചാബിലെ വൈദ്യുതി ആവശ്യം 16,000 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്നു. പല ഭാഗങ്ങളിലും രണ്ട് മണിക്കൂറും അതിൽ കൂടുതലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ്.









0 comments